റയൽ മാഡ്രിഡ് സിറ്റിയിൽ
Wednesday, April 17, 2024 2:29 AM IST
മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിനായി റയൽ മാഡ്രിഡ് ഇന്ന് നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ കളത്തിലിറങ്ങും. മാഡ്രിഡിൽ നടന്ന ആദ്യപാദം 3-3ന് സമനിലയിൽ കലാശിച്ചു.
എസി മിലാനു ശേഷം (1988-89ൽ സെമി ഫൈനൽ, 1989-90 പ്രീക്വാർട്ടർ) യൂറോപ്യൻ കപ്പ്/യുവേഫ ചാന്പ്യൻസ് ലീഗ് മത്സരങ്ങളിൽ തുടർച്ചയായ രണ്ടു സീസണിൽ റയലിനെ നോക്കൗട്ടിൽ പുറത്താക്കുന്ന രണ്ടാമത്തെ ടീമെന്ന ഖ്യാതിക്കൊപ്പമെത്താനൊരുങ്ങുകയാണ് മാഞ്ചസ്റ്റർ സിറ്റി. റയലിനെതിരേ കഴിഞ്ഞ മൂന്ന് ഹോം മത്സരങ്ങളിലും (2020ൽ 2-1ന്, 2022ൽ 4-3ന്, 2023ൽ 4-0ന്) സിറ്റി ജയിച്ചു. മൂന്നും പെപ് ഗാർഡിയോളയുടെ കീഴിലായിരുന്നു. ഒരു ജയം കൂടി നേടിക്കഴിഞ്ഞാൽ മുൻ ബയേണ്‍ മ്യൂണിക്ക് പരിശീലകൻ ഒട്ടാമർ ഹിറ്റ്സ്ഫെൽഡിന്റെ റിക്കാർഡിനൊപ്പമെത്തും. 2000 മുതൽ 2002 വരെ റയലിന് ബയേണിന്റെ ഗ്രൗണ്ടിൽ നാലു തോൽവിയാണ് നേരിട്ടത്.
ആദ്യപാദ മത്സരത്തിൽ രണ്ടു തവണ പിന്നിൽ നിന്നശേഷമാണ് റയൽ സമനില പിടിച്ചത്. ജൂഡ് ബെല്ലിങ്ഗം, വിനീഷ്യസ് ജൂണിയർ, റോഡ്രിഗോ എന്നിവരുടെ ഗോളടിമികവിലാണ് റയലിന്റെ പ്രതീക്ഷ. മധ്യനിരയിൽ ടോണി ക്രൂസ് ഒരുക്കുന്ന നീക്കങ്ങളും റയലിന് ശക്തി പകരുന്നു. ഒപ്പം ഫെഡറികോ വാൽവെർദെയും ചേരുന്പോൾ കരുത്ത് കൂടും.
ഗാർഡിയോള ഇന്ന് കെവിൻ ഡി ബ്രുയിനെ ഇറക്കി ആക്രമണം ശക്തമാക്കിയേക്കും. ഫിൽ ഫോഡൻ, ഹാലൻഡ്, ബെർണാർഡോ സിൽവ, റോഡ്രി എന്നിവർക്കൊപ്പം പകരക്കാരുടെ നിരയിലും മികച്ച കളിക്കാരുണ്ട്.