ഗോഹട്ടിയിലും പൊട്ടി
Sunday, April 7, 2024 1:28 AM IST
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനോടു പരാജയപ്പെട്ടതിനു ശേഷം ഗോഹട്ടിയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അവിടെയും കഥയിൽ മാറ്റമില്ല. 2-0ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.
2024 കലണ്ടർ വർഷം ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന ഏഴാം തോൽവിയാണ്. നെസ്റ്റർ ആൽബിച്ച് (84’), എം.എസ്. ജിതിൻ (90+1’) എന്നിവരാണ് നോർത്ത് ഈസ്റ്റിനു വേണ്ടി ഗോൾ നേടിയത്. 12ന് ഹൈദരാബാദിന് എതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം.
ബഗാൻ രണ്ടിൽ
ഇന്നലെ നടന്ന ആദ്യമത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് 1-0ന് പഞ്ചാബ് എഫ്സിയെ കീഴടക്കി. എവേ പോരാട്ടത്തിന്റെ 42-ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസ് നേടിയ ഗോളാണ് മോഹൻ ബഗാനു ജയം സമ്മാനിച്ചത്. മോഹൻ ബഗാൻ 42 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.