ഈ പന്തിൽ എന്ത് സംഭവിച്ചു ?
Friday, April 5, 2024 1:39 AM IST
ഐപിഎൽ ട്വന്റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി അരങ്ങേറ്റ മത്സരത്തിൽ കൗമാരക്കാരനായ അംക്രിഷ് രഘുവംശിയുടെ ഒരു ഷോട്ടാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ സജീവ ചർച്ച. സ്വാഗ്ഷോട്ടിന്റെയോ സ്കൂപ്പിന്റെയൊ ഒക്കെ മണമുള്ള ഒരു പ്രത്യേകതരം ഷോട്ട്. ഈ പന്തിൽ എന്ത് സംഭവിച്ചെന്നത് മത്സരത്തിനുശേഷമാണ് ഏറെ ചർച്ചയായത്.
കാരണം ആ പന്ത് ഡീപ്പ് തേർഡ്മാനിനു മുകളിലൂടെ അതിർത്തി കടന്നു. അത് എങ്ങനെ സംഭവിച്ചു എന്നതാണ് പ്രധാന ചർച്ചാവിഷയം. കാരണം, രഘുവംശി ആ ഷോട്ടിനായി ബാറ്റ് പിടിച്ച രീതിതന്നെ. സ്ലോഗ്, സ്കൂപ് ഷോട്ടുകൾക്കായി ബാറ്റ് പിടിക്കുന്ന രീതിയിൽ ബാറ്റർമാർ മാറ്റംവരുത്താറുണ്ട്. എന്നാൽ, രഘുവംശി ബാറ്റ് പിടിച്ചത് ക്രോസ് കൈവരുന്ന രീതിയിൽ (ചിത്രം കാണുക).
ഡൽഹി ക്യാപ്പിറ്റൻസിന് എതിരേയായിരുന്നു രഘുവംശിയുടെ ഈ ഷോട്ട്. റാസിഖ് സലാം എറിഞ്ഞ 11-ാം ഓവറിന്റെ മൂന്നാം പന്തായിരുന്നു അത്. രഘുവംശിയുടെ ആ സിക്സർ കണ്ട് ഡൽഹിയുടെ ഇഷാന്ത് ശർമ കൈയടിച്ചു എന്നതും മറ്റൊരു വാസ്തവം.
മാഞ്ചസ്റ്റർ പയ്യൻ
ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇഷ്ടപ്പെടുന്ന ആളാണ് അംക്രിഷ് രഘുവംശി. ഐപിഎല്ലിലെ കന്നി അർധസെഞ്ചുറിക്കുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോഡിന്റെ ഗോളാഘോഷം പോലെ തലയിൽ ചൂണ്ടിക്കാണിച്ചു. മത്സരശേഷം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാൻ യുവ ബാറ്ററെ പ്രത്യേകം അഭിനന്ദിച്ചു.
“എന്റെ പേരോമറ്റോ അദ്ദേഹത്തിന് (ഷാരൂഖ് ഖാൻ) അറിയാമോ എന്നറിയില്ല. എന്നാൽ, കുഞ്ഞുനാൾ മുതൽ ഞാൻ അദ്ദേഹത്തെ സ്ക്രീനുകളിൽ മാത്രമായിരുന്നു കണ്ടത്.”- ഷാരൂഖിന്റെ അഭിനന്ദനമേറ്റുവാങ്ങിയ ശേഷം രഘുവംശിയുടെ പ്രതികരണം ഇതായിരുന്നു.