മുംബൈ ദുരന്തം
Thursday, March 28, 2024 11:47 PM IST
“എനിക്ക് അറിയാന്മേലാത്തോണ്ട് ചോദിക്കുവാ, താനാരുവാ...” എന്ന് താളവട്ടം സിനിമയിൽ ജഗദി ശ്രീകുമാറിന്റെ കഥാപാത്രം ചോദിക്കുന്നതുപോലെയാണ് മുംബൈ ഇന്ത്യൻസിൽ ഇപ്പോൾ കാര്യങ്ങൾ. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനെക്കുറിച്ചുള്ള ട്രോളുകൾ മലവെള്ളപ്പാച്ചിലായി സോഷ്യൽ മീഡിയയിൽ കുമിഞ്ഞുകൂടുന്നു. സ്വയം വരുത്തുവച്ചതാണെന്നു വേണമെങ്കിൽ പറയാം...
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ആരാധകർ ഏറ്റവും കൂടുതലുള്ള ടീമുകളിൽ ഒന്നാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനാകുക എന്നതിനോളമോ, അതിനപ്പുറമോ ഗ്ലാമറാണ് മുംബൈ ക്യാപ്റ്റൻസിക്കും. എന്നാൽ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം ക്യാപ്റ്റൻ എന്ന പേര് വെറും രണ്ട് മത്സരത്തിനിടെ സന്പാദിച്ചിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. 2024 ഐപിഎൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ് മുംബൈ.
ക്യാപ്റ്റനു ‘തല വേണം’
ക്യാപ്റ്റനു തല വേണം എന്നതാണ് ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും ഒന്നുപോലെയുള്ള അഭിപ്രായം. സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ രണ്ടാം മത്സരത്തിൽ 31 റണ്‍സിന് മുംബൈ പരാജയപ്പെട്ടു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 277/3 റണ്‍സാണ് 20 ഓവറിൽ സണ്‍റൈസേഴ്സ് അടിച്ചുകൂട്ടിയത്. മുംബൈ 20 ഓവറിൽ 246/5 റണ്‍സ് തിരിച്ചടിച്ചു എന്നതും ശ്രദ്ധേയം. തോൽവിക്കു കാരണമായി ചൂണ്ടികാണിക്കുന്നത് ഹാർദിക്കിന്റെ ബൗളിംഗിലെ ചില തീരുമാനങ്ങളും ബാറ്റ് കൈയിലെടുത്തപ്പോഴത്തെ ഇഴച്ചിലുമാണ്.
രോഹിത് ശർമ (216.67), ഇഷാൻ കിഷൻ (261.54), നമാൻ ധിർ (214.29), തിലക് വർമ (188.24), ടിം ഡേവിഡ് (190.91), റൊമാരിയൊ ഷെപ്പേഡ് (250.00) എന്നിങ്ങനെ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് നടത്തിയ എല്ലാവരും 188ൽ മുകളിൽ സ്ട്രൈക്ക് റേറ്റുമായാണ് ക്രീസിൽ റണ്‍സ് അടിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്നവിശേഷണമുള്ള ഹാർദിക്കിന്റെ സ്ട്രൈക്ക് റേറ്റ് 120 മാത്രമായിരുന്നു.
മുംബൈ ഇന്നിംഗ്സിൽ 20 പന്തിൽ കൂടുതൽ നേരിട്ട മൂന്ന് ബാറ്റർമാരായിരുന്നു തിലക് വർമയും (34 പന്തിൽ 64) ടിം ഡേവിഡും (22 പന്തിൽ 42 നോട്ടൗട്ട്) ഹാർദിക് പാണ്ഡ്യയും (20 പന്തിൽ 24). ഇതിൽ ഹാർദിക്കിന്റെ സ്ട്രൈക്ക് റേറ്റ് 220നു മുകളിൽ ആയിരുന്നെങ്കിൽ മുംബൈ ഒരുപക്ഷേ ജയിക്കുമായിരുന്നു. എന്നാൽ, അതുണ്ടായില്ല.
ബുംറയെ എറിയിച്ചില്ല
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്ക് ബൗളറാണ് ജസ്പ്രീത് ബുംറ എന്നതിൽ ക്രിക്കറ്റ് ലോകത്തിനു തർക്കമില്ല. എന്നാൽ, മുംബൈ ഇന്ത്യൻസിന്റെ ആദ്യ രണ്ട് മത്സരത്തിലും ബുംറയെ സ്ട്രൈക്ക് ബൗളറാക്കാൻ ഹാർദിക് തയാറായില്ല. അതിൽ ഏറ്റവും ദയനീയം സണ്‍റൈസേഴ്സിന് എതിരായ ആദ്യ 12 ഓവർ പൂർത്തിയായപ്പോൾ ഒരു ഓവർ മാത്രമേ ബുറയ്ക്ക് ഹാർദിക് നൽകിയുള്ളൂ എന്നതാണ്.
ഹെൻറിച്ച് ക്ലാസൻ വരുന്പോൾ കരുതലായി ബുംറയെ വച്ചതാണെന്ന് പറയാം. എന്നാൽ, തുടക്കത്തിൽ വിക്കറ്റ് വീഴ്ത്താനുള്ള ബുംറയുടെ കഴിവ് മുതലാക്കിയാൽ എതിരാളികൾ കടന്നാക്രമണം നടത്താൻ രണ്ടാമതൊന്ന് ആലോചിക്കും. ബുംറയെ സ്ട്രൈക്ക് ബൗളറാക്കാത്തതിന്റെ കാരണം ഇതുവരെ പിടികിട്ടുന്നില്ല എന്ന് ഇർഫാൻ പഠാനും ടോം മൂഡിയുമെല്ലാം പരിഹസിക്കുന്നുണ്ടെന്നതും വാസ്തവം.
അല്പം ഗുജറാത്ത് കാര്യം
2022ൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ ഐപിഎല്ലിൽ ഉണ്ടാക്കിയപ്പോൾ മുംബൈയിൽനിന്ന് അവിടെ ചെന്ന് ക്യാപ്റ്റനാകുകയായിരുന്നു ഹാർദിക്. കന്നി സീസണിൽ ഹാർദിക്കിന്റെ കീഴിൽ ഗുജറാത്ത് കപ്പ് സ്വന്തമാക്കി. അന്ന് ടീമിലെ സൂപ്പർ താരം ഹാർദിക് മാത്രമായിരുന്നു. ടീമിൽ ഉണ്ടായിരുന്ന ശുഭ്മാൻ ഗിൽ ഇന്നത്തെ അത്ര ബ്രാൻഡ് വാല്യുവിലേക്ക് എത്തിയിരുന്നില്ല. മാത്യു വേഡ്, ഡേവിഡ് മില്ലർ, വൃദ്ധിമാൻ സാഹ, റഷീദ് ഖാൻ, മുഹമ്മദ് ഷമി എന്നിങ്ങനെയുള്ളവരെ നയിക്കാൻ ഹാർദിക്കിന് സാധിച്ചു.
ഹാർദിക് നയിച്ചു എന്നതിലുപരി, പരിശീലകൻ ആശിഷ് നെഹ്റ ബൗണ്ടറി ലൈനിൽ ഓരോ തന്ത്രങ്ങളുമായി എപ്പോഴും ചുറ്റോടുചുറ്റും ഓടിനടക്കുകയായിരുന്നു എന്നതായിരുന്നു വാസ്തവം. എന്നുവച്ചാൽ, ഹാർദിക്കിന്റെ ക്യാപ്റ്റൻസിയല്ല, നെഹ്റയുടെ പരിശീലന മികവാണ് ടീമിനെ കപ്പിലെത്തിച്ചത് എന്നു പറയാം.
കൂവലും കോക്കസും...
ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായ ഹാർദിക്കിനെ തിരിച്ചു കൊണ്ടുവന്നാണ് മുംബൈ നായകനാക്കിയത്. തികച്ചും മണ്ടത്തരമായ തീരുമാനമെന്ന് വിശേഷിപ്പികാം. കാരണം, ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശർമയെ നിഷ്കാസനം ചെയ്താണ് ഹാർദിക് ക്യാപ്റ്റനായെത്തിയത്. മുംബൈയിലേക്ക് തിരിച്ചുവരാൻ ക്യാപ്റ്റൻസി ഹാർദിക് ആവശ്യപ്പെട്ടതായും സംസാരമുണ്ട്. രോഹിത്തിനെ ഈ സീസണിൽ നായകനാക്കി നിലനിർത്തി ഹാർദിക്കിനെ പതുക്കെ വെളിച്ചത്തിലേക്ക് കൊണ്ടുവരേണ്ടിയിരുന്നു എന്നും അഭിപ്രായം.
മുംബൈ ഇന്ത്യൻസിന്റെ തകർച്ചയ്ക്കു കാരണമായ കോക്കസിനാണ് ഹാർദിക്കിന്റെ ക്യാപ്റ്റൻസി വഴിവച്ചത്. രോഹിത്, ബുംറ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ ഉൾപ്പെടുന്ന കോക്കസ് ഹാർദിക്കിന്റെ വരവോടെ തലപൊക്കി.
ഹാർദിക്കിന്റെ രീതികളും ചെയ്തികളും താത്പര്യമില്ലാത്തതുകൊണ്ടാണിതെന്നതും വാസ്തവം. അഹമ്മദാബാദിലെ ആദ്യ മത്സരത്തിലും ഹൈദരാബാദിലെ രണ്ടാം മത്സരത്തിലും ഹാർദിക്കിനു കൂവൽ നേരിടേണ്ടിവന്നു. മുംബൈയിലും അതുണ്ടാകുമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഒരു ക്രിക്കറ്റ് താരത്തിന് കൂവൽ നേരിടേണ്ടിവരുക എന്നത് മഹാദുരന്തമല്ലാതെ മറ്റെന്ത്...