കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
Wednesday, March 27, 2024 1:34 AM IST
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 17-ാം സീസണിലെ ആദ്യജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ.
മുംബൈ ഇന്ത്യൻസ് ആറ് റണ്‍സിന് ഗുജറാത്ത് ടൈറ്റൻസിനോടും സണ്‍റൈസേഴ്സ് നാല് റണ്‍സിന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും ആദ്യമത്സരത്തിൽ തോൽവി വഴങ്ങിയിരുന്നു. ശക്തമായ പോരാട്ടത്തിനൊടുവിൽ നിർഭാഗ്യവശാലാണ് ഇരുടീമും തങ്ങളുടെ ആദ്യമത്സരത്തിൽ പരാജയപ്പെട്ടത്.
പാറ്റ് കമ്മിൻസിനെ ക്യാപ്റ്റനാക്കിയാണ് സണ്‍റൈസേഴ്സ് 2024 സീസണിൽ ഇറങ്ങുന്നത്. വൻതുക മുടക്കി കമ്മിൻസിനെ കൊണ്ടുവന്നെങ്കിലും ടീമിനെ ആദ്യമത്സരത്തിൽ ജയിപ്പിക്കാൻ കമ്മിൻസിനു സാധിച്ചില്ല.
അതുപോലെ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയുള്ള മുംബൈ ഇന്ത്യൻസിന്റെ ആദ്യമത്സരവും തോൽവിയിലാണ് കലാശിച്ചത്. മാത്രമല്ല, ഹാർദിക് പാണ്ഡ്യ കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഗുജറാത്ത് ടൈറ്റൻസിനോടായിരുന്നു മുംബൈയുടെ തോൽവി എന്നതും ശ്രദ്ധേയം.
2023 സീസണിലേത് ഉൾപ്പെടെ നോക്കിയാൽ ഐപിഎല്ലിൽ സണ്‍റൈസേഴ്സിന്റെ തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഈഡൻ ഗാർഡൻസിൽ കെകെആറിന് എതിരേ വഴങ്ങിയ നാല് റണ്‍സിന്റേത്. മറുവശത്ത് മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ മികച്ച ഫോമിലാണ്. ജസ്പ്രീത് ബുംറ-ജെറാൾഡ് കോറ്റ്സി ക്വാളിറ്റി പേസ് ആക്രമണവും മുംബൈ ഇന്ത്യൻസിന്റെ കരുത്താണ്.
ഹാർദിക് Vs രോഹിത്
മുംബൈ ഇന്ത്യൻസിന്റെ ആദ്യമത്സരത്തിൽത്തന്നെ ക്യാപ്റ്റന്റെ തലക്കനവും ധാർഷ്ട്യവും ഹാർദിക് പാണ്ഡ്യ കാണിച്ചതായാണ് കളത്തിലെ ചില കാര്യങ്ങൾ തെളിയിക്കുന്നത്.
ഹാർദിക് ഗുജറാത്ത് ടൈറ്റൻസിലേക്ക് ക്യാപ്റ്റനായി ചുവടു മാറുകയും 2024 സീസണിനു മുന്‍പായി മുംബൈയിലേക്ക് തിരിച്ചെത്തി ക്യാപ്റ്റനാകുകയും ചെയ്തത് മുംബൈയുടെ ‘വണ്‍ ഫാമിലി’ എന്ന ആപ്തവാക്യത്തിനുതന്നെ വിള്ളൽ വീഴ്ത്തിയതായി ആരാധകർപോലും നിരീക്ഷിക്കുന്നു.
കാരണം, ഗുജറാത്തിന് എതിരായ മത്സരത്തിനിടെ ജസ്പ്രീത് ബുംറയുമായുള്ള ചൂടേറിയ ചർച്ചയ്ക്കിടയിലേക്ക് രോഹിത് എത്തിയപ്പോൾ ഹാർദിക് നടന്നകന്നു. ഇത് ബുംറയെ അദ്ഭുതപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തിലൂടെ ലോകം കണ്ടു.
മാത്രമല്ല, മത്സരത്തിനിടെ രോഹിത് ശർമയെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യാൻ ഹാർദിക് പറഞ്ഞയച്ചതും ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചു. മുംബൈയെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രോഹിത്, സർക്കിളിനു പുറത്ത് ഫീൽഡ് ചെയ്യേണ്ടിവന്നത് ഐപിഎൽ ചരിത്രത്തിൽത്തന്നെ വിരളമാണ്.
ജസ്പ്രീത് ബുംറ, ജെറാൾഡ് കോറ്റ്സി എന്നീ രാജ്യാന്തര ഓപ്പണിംഗ് സ്പെൽ ബൗളർമാർ ഉള്ളപ്പോൾ മുംബൈയുടെ ആദ്യ ഓവർ എറിയാൻ സ്വയം പന്ത് കൈയിലെടുത്ത ഹാർദിക്കിന്റെ ‘ക്യാപ്റ്റൻ’ കളി ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേയും ഉണ്ടാകുമോ എന്നറിയാനും ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നു.