ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
Wednesday, March 27, 2024 1:34 AM IST
ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയെ എന്തുവിലകൊടുത്തും ഉൾപ്പെടുത്തണമെന്ന് രോഹിത് ശർമ പറഞ്ഞതിന്റെ കാര്യം വ്യക്തമാക്കുന്നതായിരുന്നു ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് എതിരായ അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
49 പന്തിൽ രണ്ട് സിക്സും 11 ഫോറും ഉൾപ്പെടെ 77 റണ്‍സ് കോഹ്ലി അടിച്ചെടുത്തപ്പോൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നേടിയത് നാലു വിക്കറ്റ് ജയം. ലക്ഷ്യം പിന്തുടരുന്പോൾ ആക്രമിക്കുന്നതിനൊപ്പം ടീമിനുവേണ്ടിയുള്ള ശ്രദ്ധാപൂർവമായ ബാറ്റിംഗും കോഹ്ലി കാഴ്ചവയ്ക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണവുമായിരുന്നു പഞ്ചാബിന് എതിരായ 77.
ക്രീസിൽ താനാണ് ബോസ് എന്നു കോഹ്ലി വ്യക്തമാക്കുന്നതായിരുന്നു പഞ്ചാബിന്റെ കഗിസൊ റബാഡ എറിഞ്ഞ ഓവറിലെ ആദ്യപന്ത് ബൗണ്ടറി കടത്തിയ ക്ലാസി ഷോട്ട്. ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ ആദ്യപന്തായിരുന്നു അത്.
പവർപ്ലേ
ആദ്യ പവർപ്ലേയിൽ പവർഫുൾ ബാറ്റിംഗായിരുന്നു കോഹ്ലി കാഴ്ചവച്ചതെന്നതും ശ്രദ്ധേയം. പവർപ്ലേ ഓവറിൽ ഏഴ് ലോഫ്റ്റഡ് ഷോട്ട് കോഹ്ലി തൊടുത്തു. പവർപ്ലേയിൽ ഏറ്റവും കൂടുതൽ തവണ കോഹ്ലി പന്ത് ഉയർത്തി അടിക്കുന്നത് നീണ്ട ഇടവേളയ്ക്കുശേഷമാണ്. ആർസിബിയുടെ ആദ്യ ആറ് ബാറ്റർമാരിൽ കോഹ്ലിക്ക് മാത്രമാണ് നേരിട്ട പന്തിനേക്കാൾ കൂടുതൽ റണ്‍സ് ഉണ്ടായിരുന്നത്.
ഇന്നിംഗ്സിലെ ആദ്യ ഓവറിൽ (സാം കറന് എതിരേ) 16 റണ്‍സ് കോഹ്ലി അടിച്ചെടുത്തു. ട്വന്റി-20 കരിയറിൽ ആദ്യ ഓവറിൽ കോഹ്ലി 13ൽ കൂടുതൽ റണ്‍സ് നേടുന്നത് ഇതാദ്യമാണ്. ആറ് ഓവർ പവർപ്ലേ കഴിഞ്ഞപ്പോൾ കോഹ്ലിയുടെ സ്ട്രൈക്ക്റേറ്റ് 166.66 ആയിരുന്നു (21 പന്തിൽ 35). ആറ് വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണ മാത്രമാണ് പവർപ്ലേയിൽ ഇതിൽ കൂടുതൽ റണ്‍സ് വിരാട് എടുത്തത് എന്നതും മറ്റൊരു വാസ്തവം.
അർധസെഞ്ചുറി കൊണ്ട് സെഞ്ചുറി
ട്വന്റി-20 കരിയറിൽ വിരാട് കോഹ്ലിയുടെ നൂറാം അർധസെഞ്ചുറിയായിരുന്നു പഞ്ചാബ് കിംഗ്സിന് എതിരായത്. ഫിഫ്റ്റിയിൽ സെഞ്ചുറി തികച്ച മൂന്നാമത് മാത്രം ബാറ്ററാണ് കോഹ്ലി. ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ (109), വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ (110) എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. ട്വന്റി-20 കരിയറിൽ 12,000 റണ്‍സ് (12,092) കടന്ന ഏക ഇന്ത്യക്കാരനും കോഹ്ലിതന്നെ.
ചുരുക്കത്തിൽ, 2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വിരാട് കോഹ്ലി അവകാശവാദം ഉന്നയിച്ചുകഴിഞ്ഞെന്നു പറയാം. അതേസമയം, ഐപിഎല്ലിലെ ആദ്യ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രല്ലേ കഴിഞ്ഞുള്ളൂ എന്ന മറുവാദം ഉന്നയിക്കുന്നവരുമുണ്ട്...