സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
Tuesday, March 26, 2024 3:09 AM IST
ഗോഹട്ടി: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി 150-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നു. ഇന്ന് ഗോഹട്ടിയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതയിൽ അഫ്ഗാനിസ്ഥാനെതിരേയുള്ള രണ്ടാംപാദ മത്സരത്തിൽ ഇറങ്ങുന്നതോടെയാണ് ഛേത്രി പേര് പുതിയ നാഴികക്കല്ലിൽ കുറിക്കുക.
ഇന്ത്യക്കായി 150 മത്സരങ്ങളിൽ ഇറങ്ങുന്ന ആദ്യത്തെയാളെന്ന റിക്കാർഡിലാണ് ഛേത്രി. രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിലെ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അഫ്ഗാനെതിരേ സൗദിയിൽ നടന്ന മത്സരം ഗോൾരഹിത സമനിലയായിരുന്നു. 117-ാം റാങ്കിലുള്ള ഇന്ത്യയെക്കാൾ റാങ്കിംഗിൽ താഴെയുള്ള അഫ്ഗാനിസ്ഥാനെതിരേ ഗോൾ നേടാൻ കഴിയാത്തത് ടീമിന്റെ മുന്നേറ്റത്തെ ഉലച്ചിരിക്കുകയാണ്.
പുതിയ നാഴികക്കല്ല് കുറിക്കുന്ന മത്സരത്തിൽ നായകൻ ഗോൾ നേടി ഇന്ത്യയുടെ ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. ലോകകപ്പ് യോഗ്യതയിൽ 2023 നവംബർ 16ന് കുവൈറ്റിനെതിരേ ഗോൾ നേടിയശേഷം ഇന്ത്യക്ക് ഇതുവരെ എതിർ വലകുലുക്കാനായിട്ടില്ല.
ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിൽ അവസരത്തിനൊത്തുയർന്ന് ഗോളുകൾ നേടി മത്സരം അവിസ്മരണീയമാക്കി മാറ്റാനുള്ള അവസരമാണ് ഛേത്രിക്കു ലഭിച്ചിരിക്കുന്നത്.
2005ൽ പാക്കിസ്ഥാനെതിരേയുള്ള സൗഹൃദ മത്സരത്തോടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി ഇതുവരെ 93 ഗോളുകൾ നേടി. നിലവിൽ കളിക്കുന്നവരിൽ ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (128), ലയണൽ മെസി (106) എന്നിവർക്കുപിന്നിൽ ഇന്ത്യൻ നായകൻ മൂന്നാമതാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയതും ഛേത്രി തന്നെ. ഇന്ത്യക്കായി 11 ട്രോഫികളും നേടിയിട്ടുണ്ട്.
രാജ്യത്തിനുവേണ്ടി കളിക്കുമെന്ന് വിചാരിക്കുകയോ സ്വപ്നത്തിൽ പോലും കരുതുകയോ ചെയ്തിരുന്നില്ലെന്നാണ് ഛേത്രി പറഞ്ഞത്. ഞാൻ കളിച്ചു തുടങ്ങിയപ്പോൾ, ഒരു ദിവസം രാജ്യത്തിനുവേണ്ടി കളിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. സത്യത്തിൽ, കുറച്ച് ദിവസങ്ങൾക്ക് മുന്പ്, ഞാൻ ഇത്തരമൊരു റിക്കാർഡിന്റെ വക്കിലാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒന്നു ചിന്തിച്ചു നോക്കുന്പോൾ, അത് അവിശ്വസനീയമായ ഒരു നേട്ടമാണ്. ഈ സ്ഥിതിവിവരക്കണക്കിൽ ഞാൻ വളരെ ഭാഗ്യവാനാണ്, അങ്ങേയറ്റം നന്ദിയുള്ളവനുമാണ് -ഛേത്രി പറഞ്ഞു.
പ്രധാന ദിവസങ്ങളിൽ ഗോൾ
പ്രധാന ദിവസങ്ങളിൽ ഗോൾ നേടുമെന്ന അപൂർവ റിക്കാർഡ് ഛേത്രിക്കുണ്ട്. പാക്കിസ്ഥാനെതിരേ നടന്ന അരങ്ങേറ്റ മത്സരം 1-1ന് സമനിലയായപ്പോൾ ഇന്ത്യയുടെ ഗോൾ ആ അരങ്ങേറ്റക്കാരന്റെ വകയായിരുന്നു. അന്ന് ബൈച്ചുംഗ് ബുടിയയ്ക്ക് പകരമായാണ് ആദ്യ പതിനൊന്നിൽ ഇടംപിടിച്ചത്. അതിനുശേഷം എല്ലാ കരിയറിലെ പ്രധാന മത്സര ദിനങ്ങളിൽ ഛേത്രിയുടെ ഗോളുണ്ടായി. തന്റെ 25-ാം മത്സരത്തിൽ, 50-ാം മത്സരത്തിൽ 75-ാം മത്സരത്തിൽ 100-ാം മത്സരത്തിൽ, 125-ാം മത്സരത്തിലെല്ലാം ഇന്ത്യൻ നായകൻ വലകുലുക്കി. ഈ റിക്കാർഡ് ഇന്നും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയിക്കണം
ഇന്ന് മികച്ച ജയം നേടാനായാൽ ഇന്ത്യക്ക് ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ട് പ്രതീക്ഷകൾ നിലനിർത്താം. മൂന്നാം റൗണ്ടിലെത്തിയാൽ 2027 എഎഫ്സി ഏഷ്യൻ കപ്പിലേക്കു നേരിട്ടു യോഗ്യത നേടാം. മൂന്നു കളിയിൽ നാലു പോയിന്റുമായി നിലവിൽ ഇന്ത്യ ഖത്തറിനു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യക്ക് ഇതുവരെ മൂന്നാം റൗണ്ടിൽ എത്താനായിട്ടില്ല. ഗോളടിക്കാൻ ഇപ്പോഴും 39കാരനായ നായകനെ ആശ്രയിക്കേണ്ടിവരുന്നതാണ് ഇഗോർ സ്റ്റിമാച്ചിനെ ബുദ്ധിമുട്ടിക്കുന്നത്.
ഫിഫ റാങ്കിംഗിൽ 158-ാം സ്ഥാനത്തുള്ള അഫ്ഗാനെതിരേ കഴിഞ്ഞയാഴ്ച നടന്ന മത്സരം സമനിലയിൽ അവസാനിപ്പിക്കേണ്ടിവന്നതോടെ ഇന്ത്യക്ക് അടുത്ത മത്സരങ്ങളെല്ലാം നിർണായകമായി. ശേഷിക്കുന്ന മൂന്നു കളിയിൽ നാലു പോയിന്റെങ്കിലും നേടാനായാൽ ഇന്ത്യക്ക് മൂന്നാം റൗണ്ട് ഉറപ്പാക്കാം. ഇന്നത്തെ മത്സരത്തിനുശേഷം ജൂണിലാണ് ഇന്ത്യക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുള്ളത്. ആറിന് കുവൈറ്റിനെതിരേയും 11ന് ഖത്തറിനെതിരേയുമാണ് മത്സരങ്ങൾ.