ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
Tuesday, March 26, 2024 3:09 AM IST
ചെന്നൈ: ഒരു വ്യാഴവട്ടത്തിനുശേഷം ഐപിഎൽ കലാശപ്പോരാട്ടം ചെന്നൈയിലേക്കു മടങ്ങിയെത്തുന്നു. പ്രസിദ്ധമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ മേയ് 26 നാണ് ആവേശക്കിരീടം ലക്ഷ്യമിട്ടുള്ള പോര്. 2011ലും 2012ലും ഫൈനൽമത്സരത്തിന് ആതിഥ്യം വഹിച്ചത് ചെന്നൈ ആയിരുന്നു.
അഞ്ചുതവണ കിരീട ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോംഗ്രൗണ്ടായ ചെന്നൈയിൽത്തന്നെയാണ് രണ്ടാം ക്വാളിഫയറും, മേയ് 24ന്. ആദ്യ ക്വാളിഫയർ 21ന് അഹമ്മദാബാദിലാണ്. പിറ്റേന്ന് ഇതേ വേദിയിൽ എലിമിനേറ്ററും നടത്തുമെന്ന് രണ്ടാംപാദ മത്സരക്രമങ്ങൾ പ്രഖ്യാപിച്ച് സംഘാടകർ അറിയിച്ചു.
ഏപ്രിൽ എട്ടിന് ചെന്നൈ സൂപ്പർ കിംഗ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ കോൽക്കത്തയിൽ ഏറ്റുമുട്ടുന്നതോടെ രണ്ടാംപാദ മത്സരങ്ങൾ തുടങ്ങും.
മാർച്ച് 22 നു തുടങ്ങി ഏപ്രിൽ എഴുവരെയുള്ള ആദ്യഘട്ട മത്സരക്രമം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രണ്ടു ഘട്ടങ്ങളിലായി മത്സരക്രമം നിശ്ചയിച്ചത്.