പ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്
Thursday, March 21, 2024 11:57 PM IST
ചെന്നൈ: പ്രൈം വോളിബോൾ സീസണ് മൂന്ന് കിരീടം കാലിക്കട്ട് ഹീറോസിന്. ടൂർണമെന്റിലുടനീളം തുടർന്ന ഫോം നിലനിർത്തി ഫൈനലിൽ ആധികാരിക ജയം നേടിയാണ് കാലിക്കട്ട്, ആരാധകരുടെ സൂപ്പർ ഹീറോസ് ആയത്. നാല് സെറ്റ് നീണ്ട ഫൈനലിൽ ഡൽഹി തൂഫാൻസിനെ കാലിക്കട്ട് കീഴടക്കി. സ്കോർ: 15-13, 15-10, 13-15, 15-12.
കാലിക്കട്ടിന്റെയും ഡൽഹിയുടെയും കന്നി പ്രൈം വോളിബോൾ ഫൈനലായിരുന്നു. പ്രൈംവോളിയിൽ ഡൽഹി തൂഫാൻസിന്റെ കന്നിസീസണും. ഇറാൻ താരം ഡാനിയേൽ മൊതാസേയി, മലയാളി താരം ജെറോം വിനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാലിക്കട്ട് ലീഗ് റൗണ്ട് മുതൽ ഫൈനൽവരെ കോർട്ട് കീഴടക്കിയത്.
ലീഗ് റൗണ്ടിലും സൂപ്പർ ഫൈവിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതും കാലിക്കട്ട് ഹീറോസ് ആയിരുന്നു. ലീഗിലും സൂപ്പർ ഫൈവിലും ടേബിളിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ഡൽഹി തൂഫാൻസ്.