മാഞ്ചസ്റ്റർ ത്രില്ലർ
Monday, March 18, 2024 11:09 PM IST
മാഞ്ചസ്റ്റർ: നിശ്ചിത സമയവും കടന്ന് അധിക സമയത്തേക്കു നീണ്ട ത്രില്ലർ പോരാട്ടത്തിൽ ലിവർപൂളിനെ 3-4നു കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ.
അധിക സമയത്തെ ഇഞ്ചുറി ടൈമിൽ അമാദ് ഡിയാലോയാണ് യുണൈറ്റഡിന്റെ വിജയഗോൾ കുറിച്ചത്. സെമിയിൽ യുണൈറ്റഡ്, കവന്ററി സിറ്റിയെ നേരിടും. വൂൾവർഹാംടണിനെ രണ്ടിനെതിരേ മൂന്നു ഗോളിനു തോൽപ്പിച്ചാണ് കവന്ററി സിറ്റി സെമിയിലെത്തിയത്. മറ്റൊരു സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും.
പത്താം മിനിറ്റിൽ സ്കോട് മാക് ടോമിനെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാൽ, ഇടവേളയ്ക്കു പിരിയുംമുന്പ് മൂന്നു മിനിറ്റിനിടെ അലക്സിസ് മാക് അലിസ്റ്റർ (44’), മുഹമ്മദ് സല (45+2’) എന്നിവരിലൂടെ ലിവർപൂൾ മുന്നിലെത്തി.
സമനിലയ്ക്കായി പൊരുതിയ യുണൈറ്റഡിന് 87-ാം മിനിറ്റിൽ ആന്റണി സമനില നൽകി. യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോഡിൽ ഒരു വർഷത്തിനുശേഷം ബ്രസീലിയൻ താരം നേടുന്ന ആദ്യ ഗോളാണ്. ഇതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു.
ഒന്പതിനായിരത്തോളം ലിവർപൂൾ ആരാധകരെ ആവേശത്തിലാക്കി 105-ാം മിനിറ്റിൽ ഹാർവി എലിയറ്റിന്റെ റോക്കറ്റ് ലോംഗ് റേഞ്ചർ യുണൈറ്റഡിന്റെ വലയിൽ തറച്ചു. ഈ ഗോളിനുള്ള മറുപടി മാർകസ് റാഷ്ഫോഡ് നല്കി.
120+1-ാം മിനിറ്റിൽ ലിവർപൂളിനു ലഭിച്ച കോർണർ പിടിച്ചെടുത്ത് അലെജാൻഡ്രോ ഗർനാച്ചോയും ഡിയാലോയും നടത്തിയ കുതിപ്പ് ഗോളിൽ കലാശിച്ചു. ബോക്സിനു വെളിയിൽവച്ച് ഗർനാച്ചോ നൽകിയ പാസ് ഡിയാലോ വലയിലാക്കി. ജഴ്സി ഉൗരി ഗോളാഘോഷിച്ച ഡിയാലോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് മാർച്ചിംഗ് ഓർഡറും വാങ്ങി.