പീരങ്കി മുഴക്കം
Thursday, March 14, 2024 2:21 AM IST
ലണ്ടൻ: 14 വർഷത്തിനുശേഷം ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ.
സ്വന്തം എമിറേറ്റസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് എഫ്സി പോർട്ടോയെ തോൽപ്പിച്ചാണ് ആഴ്സണൽ 2009-10 സീസണുശേഷം ക്വാർട്ടറിലെത്തിയത്. തുടർച്ചയായ ഏഴു തവണ പ്രീക്വാർട്ടറിൽ (2011-12 മുതൽ 2016-17 വരെ) പുറത്തായശേഷമാണ് പീരങ്കിപ്പടയുടെ ക്വാർട്ടർ പ്രവേശനം.
പോർട്ടോയിൽ നടന്ന ആദ്യപാദത്തിൽ ആഴ്സണൽ 1-0ന് തോറ്റിരുന്നു. രണ്ടാംപാദത്തിൽ ആഴ്സണൽ ഇതേ വ്യത്യാസത്തിൽ ജയിച്ചു. ലിയനാർഡോ ട്രൊസാർഡ് 41-ാം മിനിറ്റിൽ നേടിയ ഗോളിലാണ് ജയം. ഇതോടെ ഇരുപാദങ്ങളിലുമായി 1-1ന് സമനിലയായി. ഈ സമനില അധികസമയത്തും പൊളിക്കാനായില്ല. ഇതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങി.
ഷൂട്ടൗട്ടിൽ ആഴ്സണലിന്റെ കിക്കുകളെടുത്ത മാർട്ടിൻ ഒഡ്ഗാർഡ്, കെയ് ഹവാർട്സ്, ബുകായോ സാക്ക, ഡെക്ലൻ റൈസ് എന്നിവർ പന്ത് വലയിലാക്കി. ആദ്യകിക്ക് വലയിലെത്തിച്ച പോർട്ടോയുടെ രണ്ടാം കിക്കെടുത്ത വെൻഡലിന്റെ ശ്രമം പക്ഷേ പോസ്റ്റിലിടക്കുകയായിരുന്നു. പോർട്ടോയ്ക്കു നിർണായകമായ നാലാം കിക്കെടുത്ത ഗലേനോയുടെ ശ്രമം തടഞ്ഞ് ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റയ ടീമിനെ ക്വാർട്ടറിലെത്തിച്ചു.
41-ാം മിനിറ്റിൽ ട്രൊസാർഡ് വലകുലുക്കിയെങ്കിലും പോർട്ടോയുടെ അച്ചടക്കമുള്ള കളിയെ മറികടന്ന് ലീഡ് ഉയർത്താനായില്ല. എവേ മത്സരത്തിൽ പോർട്ടോ മികച്ച പ്രകടനമാണ് നടത്തിയത്. നാൽപ്പത്തൊന്നുകാരനായ പോർട്ടോ പ്രതിരോധനായകൻ പെപെയെ മറികടന്ന് പന്തുമായി മുന്നോട്ടു പോകാൻ ആഴ്സണലിനായില്ല.
2010ലെ പ്രീക്വാർട്ടറിലും പോർട്ടോയെ തോൽപ്പിച്ചാണ് ആഴ്സണൽ ക്വാർട്ടർ ഫൈനലിൽ കടന്നത്.