ഡബിളടിച്ച് നൂനെസ്
Saturday, March 9, 2024 1:11 AM IST
പ്രാഗ്: യൂറോപ്പ ലീഗ് ഫുട്ബോളിൽ ലിവർപൂളിനു വൻജയം. ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിൽ ലിവർപൂൾ 5-1ന് സ്പാർട്ട പ്രാഗിനെ തോൽപ്പിച്ചു.
അലക്സിസ് മാക് അലിസ്റ്ററുടെ (7’) പെനാൽറ്റിയിൽ മുന്നിലെത്തിയ ലിവർപൂളിനായി ഡാർവിൻ നൂനെസ് (25’, 45+3’) ലൂയിസ് ഡിയസ് (53’), ഡൊമിനിക് സൊബോസ് ലി (90+4’) എന്നിവർ ഗോൾ നേടി. കൊണർ ബ്രാഡ്ലിയുടെ ഓണ്ഗോളാണ് പ്രാഗിന് ഒരു ഗോൾ നൽകിയത്.
മറ്റൊരു മത്സരത്തിൽ ഇഞ്ചുറി ടൈമിൽ പാട്രിക് ഷിക്കിന്റെ ഗോളിൽ ബെയർ ലെവർകൂസൻ തോൽവിയിൽനിന്നു രക്ഷപ്പെട്ടു. അസർബൈജാൻ ക്ലബ് ക്വാരബാഗ് എഫ്കെയുമായി ലെവർകൂസൻ 2-2ന് സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ ക്വാരബാഗ് രണ്ടുഗോളിന് ലീഡ് ചെയ്തിരുന്നു. ലെവർകൂസന്റെ ഒരു ഗോൾ ഫ്ലോറിൻ റിറ്റ്സിന്റെ വകയായിരുന്നു. തോൽവി അറിയാതെ ലെവർകൂസന്റെ 35-ാം മത്സരമാണ്.
മറ്റ് മത്സരങ്ങളിൽ എഎസ് റോമ, എസി മിലാൻ, മാഴ്സെ ടീമുകളും ജയിച്ചു.