ബയേണ്‍, പിഎസ്ജി ക്വാർട്ടറിൽ
Thursday, March 7, 2024 3:27 AM IST
മ്യൂണിക്: സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പെ, ഹാരി കെയ്ൻ എന്നിവരുടെ ഇരട്ട ഗോൾ മികവിൽ ബയേണ്‍ മ്യൂണിക്കും പിഎസ്ജിയും യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്കു മാർച്ച് ചെയ്തു.
ഇറ്റാലിയൻ ക്ലബ് ലാസിയൊയോട് ആദ്യപാദത്തിലേറ്റ 1-0ന്റെ തോൽവിയുടെ കടവുമായി സ്വന്തം അലൻസ് അരീനയിൽ ഇറങ്ങിയ ബയേണ്‍ ഹാരി കെയ്ന്റെ ഇരട്ട ഗോളിൽ 3-0ന്റെ ജയം സ്വന്തമാക്കി.
ഇരുപാദങ്ങളിലുമായി 3-1ന്റെ ജയമാണ് ജർമൻ ക്ലബ് നേടിയത്. ഇതോടെ ബയേണ്‍ ആരാധകരിൽ കിരീടപ്രതീക്ഷ നിലനിർത്താനായി. രണ്ടു പകുതികളിലുമായാണ് കെയ്ൻ (39’, 68’) വലുകുലുക്കിയത്. ഒരു ഗോൾ തോമസ് മുള്ളറുടെ (45+2’) വകയാണ്. 39-ാം മിനിറ്റിൽ ഹെഡറിലൂടെ വലകുലുക്കിയ കെയ്ൻ ലാസിയോയുടെ ആദ്യപാദത്തിലെ ഒരുഗോൾ ലീഡ് തകർത്തു.
45+2ാം മിനിറ്റിൽ മാത്യു ഡി ലൈറ്റ് കോർണറിൽനിന്നു നൽകിയ പന്ത് ക്ലോസ് റേഞ്ചിൽ നിന്ന മുള്ളർ ഹെഡറിലൂടെ വലയിലാക്കി ബയേണിനു ലീഡ് നൽകി. ലാസിയോയ്ക്ക് തിരിച്ചുവരാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതും 68-ാം മിനിറ്റിൽ കെയ്ൻ തകർത്തു.
ലെറോയ് സേൻ വലയിലേക്കു പായിച്ച പന്ത് റീബൗണ്ടായി ഇംഗ്ലീഷ് താരത്തിന്റെ കാലുകളിലേക്കായിരുന്നു. പന്ത് വലയിലാക്കി കെയ്ൻ ജയം ഉറപ്പിച്ചു. ഇതോടെ ചാന്പ്യൻസ് ലീഗിൽ കെയ്ന്റെ ഗോളെണ്ണം 27ലെത്തി. 30 ഗോളുകളുള്ള വെയ്ൻ റൂണിയാണ് കൂടുതൽ ഗോളുകളുള്ള ഇംഗ്ലീഷുകാരൻ.
പിഎസ്ജി മുന്നേറ്റം
റയൽ സോസിദാദിന്റെ സാൻ സെബാസ്റ്റ്യനിൽ നടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ രണ്ടു ഗോൾ നേടി കിലിയൻ എംബപ്പെ പിഎസ്ജിയെ 2-1 ജയത്തോടെ ക്വാർട്ടറിലേക്കു നയിച്ചു. രണ്ടുപാദങ്ങളിലുമായി പിഎസ്ജി 4-1ന് സോസിദാദിനെ തകർത്തു.
ഇരട്ട ഗോളുമായി എംബപ്പെ ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ നേടുന്ന ഗോളുകളുടെ എണ്ണം 11 ആക്കി. 15, 56 മിനിറ്റുകളിലായിരുന്നു എംബപ്പയുടെ ഗോളുകൾ.