രഞ്ജി: ഫൈനല്‍ ചിത്രം ഇന്ന്
Wednesday, March 6, 2024 1:51 AM IST
നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ വിദര്‍ഭ x മധ്യപ്രദേശ് സെമി ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് ഒരു ദിവസം കൂടി ബാക്കിയിരിക്കേ ഫൈനലിലേക്കു പ്രവേശിക്കാന്‍ മധ്യപ്രദേശിന് 94 ഓവറില്‍ 93 റണ്‍സ് വേണം, വിദര്ഭയ്ക്കാകട്ടെ നാല് വിക്കറ്റ് വീഴ്ത്തണം.
സ്കോര്‍: വിദര്‍ഭ- 170, 402. മധ്യപ്രദേശ്- 252, 228/6. 321 റണ്‍സ് വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ മധ്യപ്രദേശിനായി സാരംശ് ജയിന് (16), കുമാര്‍ കാര്‍ത്തികേയ (0) എന്നിവരാണ് ക്രീസില്‍.
ഒന്നാം ഇന്നിംഗ്സില്‍ 82 റണ്‍സിന്റെ ലീഡ് വഴങ്ങിയശേഷമാണ് വിദര്‍ഭ രണ്ടാം ഇന്നിംഗ്സില്‍ യാഷ് റാത്തോഡിന്റെ (141) സെഞ്ചുറിയും അമന് മേഖഡെ (59), അക്ഷയ് വഡ്കര്‍ (77) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ മികച്ച സ്കോര്‍ നേടിയത്.
മധ്യപ്രദേശിന്റെ അനുഭവ് അഗര്‍വാള്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മധ്യപ്രദേശിനുവേണ്ടി യാഷ് ദുബെ (94), ഹാര്‍ഷ് ഗാവ് ലി (67) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. എന്നാല്‍, മധ്യനിര തകര്‍ന്നതോടെ 195/5 എന്ന നിലയിലായി.
തമിഴ്നാടിനെ കീഴടക്കി മുംബൈ നേരത്തേ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഞായറാഴ്ചയാണ് രഞ്ജി ട്രോഫി ഫൈനല്‍.