മുംബൈക്കു രണ്ടാം ജയം
Monday, February 26, 2024 2:02 AM IST
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു രണ്ടാം ജയം. മുംബൈ 11 പന്തുകൾ ബാക്കിയിരിക്കേ അഞ്ചു വിക്കറ്റിന് ഗുജറാത്ത് ജയന്റ്സിനെ തോൽപ്പിച്ചു.
സ്കോർ: ഗുജറാത്ത് ജയന്റ്സ് 126/9. മുംബൈ ഇന്ത്യൻസ് 18.1 ഓവറിൽ 129/5. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ ഓവറിൽ തന്നെ വേദ കൃഷ്ണമൂർത്തിയെ (0) നഷ്ടമായി. ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റിന് 78 എന്ന നിലയിൽ വൻ തകർച്ചയെ നേരിട്ട ഗുജറാത്തിനെ തനുജ കൻവാർ (28), കാതറിൻ ബ്രെയ്സ് (25 നോട്ടൗട്ട്) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനമാണ് മാന്യമായ സ്കോറിലെത്തിച്ചത്. അമേലിയ കെർ നാലു വിക്കറ്റും ഷബ്നിം ഇസ്മയിൽ മൂന്നു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ 21 റണ്‍സിലെത്തിയപ്പോൾ മുംബൈയ്ക്ക് ഓപ്പണർമാരെ നഷ്ടമായി. ഹർമൻപ്രീത് കൗർ (46 നോട്ടൗട്ട്), അമേലിയ കെർ (31) എന്നിവരുടെ പ്രകടനം മുബൈയെ അനായാസ ജയത്തിലെത്തിച്ചു. 22 റണ്‍സുമായി നാറ്റ് സ്കിവർ ബ്രേന്റ് റണ്‍ഒൗട്ടായി.