ഇഷാനും അയ്യറും ബിസിസിഐക്ക് പുറത്ത് ?
Saturday, February 24, 2024 12:41 AM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ മുതിർന്ന താരങ്ങളായ ഇഷാൻ കിഷനും ശ്രേയസ് അയ്യറും ബിസിസിഐ കരാറിൽനിന്ന് പുറത്തായേക്കും എന്ന് റിപ്പോർട്ട്.
2023-24 സീസണിലേക്കുള്ള ബിസിസിഐ കരാറിൽ ഇരുവരും ഉണ്ടാകില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽനിന്നുള്ള സൂചന. ബിസിസിഐയും ദേശീയ ടീം സെലക്ടർമാരും നിർദേശിച്ചിട്ടും ആഭ്യന്തര ക്രിക്കറ്റിൽ (രഞ്ജി ട്രോഫി) നിന്ന് വിട്ടുനിന്നതാണ് ഇരുവരും ചെയ്ത കുറ്റം. അതോടെ ബിസിസിഐക്കു മുന്നിൽ ഇരുവരും പുകഞ്ഞകൊള്ളികളായി.
അജിത് അഗാർക്കർ നയിക്കുന്ന സെലക്ടർമാരുടെ പാനൽ 2023-24 സീസണിലേക്കുള്ള ബിസിസിഐ കരാർ പട്ടിക ഏകദേശം പൂർത്തിയാക്കിയതായാണ് വിവരം. വൈകാതെ ഈ പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ഐപിഎൽ മാനിയ
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാണ് ഇഷാൻ കിഷൻ ദേശീയ ടീം ക്യാന്പ് വിട്ടത്. മാനസിക പിരിമുറുക്കത്തിന്റെ പേരിലായിരുന്നു ഇഷാൻ കിഷൻ നാട്ടിലേക്ക് മടങ്ങിയത്.
രഞ്ജി ട്രോഫിയിലൂടെ ഇഷാനു തിരിച്ച് ഇന്ത്യൻ ടീമിൽ എത്താമെന്നായിരുന്നു മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചത്. എന്നാൽ, രഞ്ജി കളിക്കാതെ ഐപിഎല്ലിനുള്ള തയാറെടുപ്പിലാണ് ഇഷാൻ. ശ്രേയസ് അയ്യറാകട്ടെ പുറം വേദനയെ തുടർന്ന് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ടതാണ്. ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റിൽനിന്നും അയ്യർ വിട്ടുനിൽക്കുന്നു. ഐപിഎല്ലിനു മുന്നോടിയായുള്ള വിശ്രമത്തിലാണ് അയ്യർ എന്ന വിമർശനവും ഇതിനിടെ ഉയർത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയം.
എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ബിസിസിഐ സീനിയർ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങളെ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2023 മാർച്ച് 26ന് പ്രഖ്യാപിച്ച 2022-23 സീസണിലെ കരാറിൽ എ പ്ലസ് വിഭാഗത്തിൽ ഉള്ളവർക്ക് ഏഴ് കോടി രൂപയും എയ്ക്ക് അഞ്ചും ബിക്ക് മൂന്നും സിക്ക് ഒരു കോടിയും വീതമാണ് വാർഷിക പ്രതിഫലം. ശ്രേയസ് അയ്യർ ബിയിലും ഇഷാൻ കിഷൻ സിയിലുമാണ്.