കേരളം ഇന്ന് ഗോവയ്ക്കെതിരേ
Thursday, February 22, 2024 10:55 PM IST
യുപിയ (അരുണാചൽപ്രദേശ്): സന്തോഷ് ട്രോഫിക്കുവേണ്ടിയുള്ള 77-ാമത് ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളം ഇന്ന് ഗോവയ്ക്കെതിരേ. ഗ്രൂപ്പ് എയിൽ കേരളത്തിന്റെ രണ്ടാം മത്സരമാണ്. രാത്രി ഏഴിനാണ് കേരളം x ഗോവ കിക്കോഫ്. രണ്ടാം ജയത്തോടെ ഫുൾ സന്തോഷമായിരിക്കുകയാണ് കേരള ടീമിന്റെ ലക്ഷ്യം.
ഗ്രൂപ്പ് എയിൽ കേരളം തങ്ങളുടെ ആദ്യമത്സരത്തിൽ 3-1ന് ആസാമിനെ കീഴടക്കിയിരുന്നു. അതേസമയം, ഗോവ തങ്ങളുടെ ആദ്യമത്സരത്തിൽ അരുണാചൽപ്രദേശുമായി 3-3 സമനിലയിൽ കുടുങ്ങി. കെ. അബ്ദു റഹീം, ഇ. സജീഷ്, നിജൊ ഗിൽബെർട്ട് എന്നിവരുടെ ഗോളിലായിരുന്നു കേരളത്തിന്റെ ജയം. രണ്ടാം ജയത്തിലൂടെ ക്വാർട്ടർ ബെർത്തിലേക്ക് അടുക്കുകയാണ് സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരളത്തിന്റെ ലക്ഷ്യം.
ബി ഗ്രൂപ്പിൽ സമനില
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന ആദ്യരണ്ട് മത്സരവും സമനിലയിൽ കലാശിച്ചു. നിലവിലെ ചാന്പ്യന്മാരായ കർണാടക 1-1ന് ഡൽഹിയുമായും റെയിൽവേസ് അതേ ഗോൾ കണക്കിൽ മണിപ്പുരിനോടും സമനില പാലിച്ച് പോയിന്റ് പങ്കുവച്ചു.