വിട, ആന്ദ്രേസ് ബ്രെഹ്മെ
Wednesday, February 21, 2024 1:39 AM IST
മ്യൂണിക്: ജർമൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ജർമനിയുടെ ഇതിഹാസ താരവും ഡിഫൻഡറായിരുന്ന ബ്രെഹ്മെ 1990 ലോകകപ്പ് ഫൈനലിൽ വിജയഗോൾ നേടി ചരിത്രത്തിൽ ഇടംപിടിച്ച താരമാണ്.
1986ലും ജർമനിയുടെ ലോകകപ്പ് ടീം അംഗമായിരുന്നു. അന്ന് ഫൈനലിൽ അർജന്റീനയോട് തോൽവി ഏറ്റുവാങ്ങി. അതിനുള്ള തിരിച്ചടിയാണ് അർജന്റീനയ്ക്ക് 1990ൽ ആന്ദ്രേസിലൂടെ ജർമനി നൽകിയത്. 1960 നവംബർ ഒന്പതിന് ജർമനിയിലെ ഹാംബർഗിലായിരുന്നു ബ്രെഹ്മെയുടെ ജനനം.
ബ്രെഹ്മെ യുടെ മര ണവിവരം അദ്ദേഹത്തിന്റെ ഭാര്യ സൂസന്നെ സ്ചാഫെർ ആണ് അറിയിച്ചത്. 1990 ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരേ 85-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടി ടീമിന് മൂന്നാം ലോക കിരീടം നേടിക്കൊടുത്ത ബ്രെഹ്മെയെ ഇതിഹാസ താരമാക്കി മാറ്റി.
സാർബ്രൂക്കൻ, കൈസർലോട്ടെൻ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ, റിയൽ സാറഗോസ എന്നീ ക്ലബ്ബുകൾക്കായി കരിയറിൽ ബ്രെഹ്മെ ബൂട്ടണിഞ്ഞു. 1998ൽ ബുണ്ടസ് ലിഗ കിരീടവും 1996ൽ ജർമൻ കപ്പും കൈസർലോട്ടെ ക്ലബ്ബിന്റെ ഭാഗമായിരുന്നപ്പോൾ നേടി.
ഇതിഹാസത്തിന്റെ വളർച്ച
1990ൽ റോമിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ അർജന്റീനയ്ക്കെതിരേ 85-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജർമനിക്ക് മൂന്നാം ലോക കിരീടം നേടിക്കൊടുത്തതാണ് ആന്ദ്രേസ് ബ്രെഹ്മെയുടെ കരിയറിലെ അവിസ്മരണീയ നിമിഷം. ജർമനിക്കായി 86 മത്സരങ്ങൾ കളിച്ച ബ്രെഹ്മെ, എട്ട് ഗോളുകളും നേടി.