കളിക്കുന്നത് മികച്ച കളിക്കാരുമായി: കോച്ച്
Wednesday, February 21, 2024 1:39 AM IST
“കേരളത്തിലെ ഏറ്റവും ബെസ്റ്റ് കളിക്കാരെയാണ് ടീമിൽ എടുത്തിട്ടുള്ളത്. പ്രതിരോധത്തിലായാലും മിഡ്ഫീൽഡിലായാലും അറ്റാക്കിംഗിലായാലും ഏറ്റവും ബെസ്റ്റ് കളിക്കാരാണ് നമ്മുടേത്. അവരുടെ കഴിവ് അവർ ഗ്രൗണ്ടിൽ ഇനി പുറത്തെടുക്കണമെന്നേയുള്ളൂ. അതിനുള്ള ഗെയിം പ്ലാൻ നാം ചെയ്തിട്ടുണ്ട്.
നമ്മുടെ മൂന്ന് ഗോൾകീപ്പർമാരും ഒന്നിനൊന്നു മെച്ചമാണ്. അതുകൊണ്ട് നമുക്ക് പേടിക്കേണ്ട കാര്യമില്ല. പിന്നെ ഗെയിം ആണ്. എതിർ ടീമിന്റെ ശക്തിയും ദൗർബല്യവും അനുസരിച്ചാണ് റിസൾട്ട് ഉണ്ടാകുക. ആസാമുമായി നല്ല മത്സരം ഉണ്ടാകും. അവരെ സംബന്ധിച്ച് അവർക്ക് അനുകൂലമായ കാലാവസ്ഥയാണ്. ഇത്തരം കാലാവസ്ഥകളിൽ കളിച്ചു പരിചയമുള്ള ടീമാണ് അവർ. മത്സരം ടർഫിലായതിനാൽ മഴയാണെങ്കിലും കളി മാറ്റിവയ്ക്കില്ല . നാളെയും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം. എന്തായാലും കുട്ടികൾ വളരെ ഉത്സാഹത്തിലാണ്; അവർ സജ്ജരുമാണ്.
ആക്രമണശൈലിയോടെ സ്വതസിദ്ധമായ ഫുട്ബോൾ തന്നെയാണ് നമ്മൾ കളിക്കുക. അറ്റാക്കിംഗിനും ഡിഫൻസിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആക്രമണ ഫുട്ബോളാണ് നമ്മുടേത്.
അവരുടെ മുന്നേറ്റത്തിലെ കളിക്കാരെല്ലാം വളരെ മികച്ചവരാണ്. നന്നായി സ്കോർ ചെയ്യുന്ന ടീമുമാണ്. വേഗതയിലും കായികക്ഷമതയിലും നമ്മളേക്കാൾ മുന്നിലാണെങ്കിലും ഗെയിം പ്ലാൻ കൊണ്ട് നമ്മുടെ സ്ട്രാറ്റജിയനുസരിച്ച് നമുക്ക് അവരെ തോല്പിക്കാനാകുമെന്നാണ് എന്റെ വിശ്വാസം.’’
സതീവൻ ബാലൻ, കേരള ടീം ചീഫ് കോച്ച്