രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്
Sunday, February 18, 2024 1:03 AM IST
രാജ്കോട്ട്: രണ്ടാംദിനം അർധരാത്രിയിൽ ഫാമിലി മെഡിക്കൽ എമർജൻസിയിൽ ആർ. അശ്വിൻ ഇന്ത്യൻ ടീം വിട്ടു, കറുത്ത ആംബാൻഡ് അണിഞ്ഞ് കളത്തിലെത്തിയ ടീം ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി, ഇംഗ്ലണ്ടിനെ 319ന് പുറത്താക്കിയശേഷം ക്രീസിലെത്തിയപ്പോൾ ഇന്ത്യക്കുവേണ്ടി ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (104*) സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്റെ (65*) അർധസെഞ്ചുറിയും... ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനത്തിലെ സംഭവവികാസങ്ങൾ ഇവയായിരുന്നു. മൂന്നാംദിനം അവസാനിച്ചപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 196 റണ്‍സ് എടുത്തു, 322 റണ്‍സിന്റെ ലീഡ്. സ്കോർ: ഇന്ത്യ 445, 196/2. ഇംഗ്ലണ്ട് 319.
ജയ്സ്വാളിന് രണ്ട്
ഈ പരന്പരയിൽ രണ്ടാം സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ കളം നിറഞ്ഞു. ആദ്യ ഇന്നിംഗ്സിൽ 10 പന്തിൽ 10 റണ്‍സുമായി പുറത്താകേണ്ടിവന്നതിന്റെ ക്ഷീണം തീർക്കുന്നതായിരുന്നു ഇന്നലത്തെ ഇന്നിംഗ്സ്. നേരിട്ട 122-ാം പന്ത് ബൗണ്ടറി കടത്തിയായിരുന്നു ജയ്സ്വാളിന്റെ സെഞ്ചുറി. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (19) ഒപ്പം 30 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് മാത്രമേ ജയ്സ്വാളിന് കെട്ടിപ്പടുക്കാനായുള്ളൂ.
ഏഴാം ടെസ്റ്റ് മാത്രം കളിക്കുന്ന ജയ്സ്വാൾ നേടുന്ന മൂന്നാം സെഞ്ചുറിയാണ് ഇന്നലെ രാജ്കോട്ടിൽ പിറന്നത്. രണ്ടാം ടെസ്റ്റിൽ ഇരട്ടസെഞ്ചുറിയും (209) ജയ്സ്വാൾ നേടിയിരുന്നു. വെസ്റ്റ് ഇൻഡീസിന് എതിരേയാണ് (171) ഇന്ത്യൻ യുവ ഓപ്പണിന്റെ മറ്റൊരു ശതകനേട്ടം.
റിട്ടയേഡ് ഹർട്ട്
സെഞ്ചുറി തികച്ചതിന്റെ തൊട്ടുപിന്നാലെ ജയ്സ്വാൾ പരിക്കിനെത്തുടർന്ന് റിട്ടയേഡ് ഹർട്ട് ആയി. കടുത്ത നടുവേദനയെ തുടർന്നായിരുന്നു യുവതാരം ക്രീസ് വിട്ടത്. 133 പന്തിൽ അഞ്ച് സിക്സും ഒന്‍പത് ഫോറും അടക്കം 104 റണ്‍സ് നേടിയശേഷമാണ് ജയ്സ്വാൾ റിട്ടയേഡ് ഹർട്ട് ആയത്. നേരിട്ട 80-ാം പന്തിലായിരുന്നു യുവതാരത്തിന്റെ അർധശതകം. ജയ്സ്വാളും ശുഭ്മാൻ ഗില്ലും ചേർന്ന് രണ്ടാം വിക്കറ്റിൽ 155 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ടും സ്ഥാപിച്ചിരുന്നു.
ഗിൽ റിട്ടേണ്‍സ്
ആദ്യ ഇന്നിംഗ്സിൽ ഒന്‍പത് പന്ത് നേരിട്ട് പൂജ്യത്തിനു പുറത്തായതിന്റെ കേട് തീർക്കുന്നതായിരുന്നു രണ്ടാം ഇന്നിംഗ്സിന് ഇന്നലെ ക്രീസിലെത്തിയപ്പോൾ ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗ്. ഇംഗ്ലീഷ് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഗിൽ 98-ാം പന്തിൽ അർധസെഞ്ചുറി തികച്ചു. 120 പന്തിൽ രണ്ട് സിക്സും ആറ് ഫോറും അടക്കം 65 റണ്‍സുമായി ഗിൽ ക്രീസിൽ തുടരുന്നു.
ജയ്സ്വാൾ റിട്ടയേഡ് ഹർട്ടായപ്പോൾ ക്രീസിലെത്തിയ രജത് പാട്ടിദാറിന് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. 10 പന്ത് നേരിട്ട് പൂജ്യത്തിനു പാട്ടിദാർ പുറത്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ പാട്ടിദാറിന് ഇതുവരെ ശോഭിക്കാൻ സാധിച്ചില്ല. 32, 9, 5, 0 എന്നിങ്ങനെയാണ് നാല് ഇന്നിംഗ്സിലായി താരത്തിന്റെ സ്കോർ. പാട്ടിദാർ പുറത്തായതോടെ നൈറ്റ് വാച്ചറായി ക്രീസിലെത്തിയ കുൽദീപ് യാദവ് 15 പന്തിൽ മൂന്ന് റണ്‍സുമായി ക്രീസിൽ തുടർന്നു.
സിറാജ്, ജഡേജ
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445നെതിരേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 207 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട് ഇന്നലെ കളിയാരംഭിച്ചത്. ബെൻ ഡക്കറ്റിനൊപ്പം (133*) ജോ റൂട്ടായിരുന്നു (9*) ക്രീസിൽ. 18 റണ്‍സിൽ നിൽക്കുന്പോൾ റൂട്ടിനെ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ജോണി ബയർസ്റ്റൊയെ (0) കുൽദീപും മടക്കി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (41) ജഡേജയുടെ പന്തിൽ പുറത്ത്. തുടർന്നുള്ള സ്പെൽ എറിയാനെത്തിയ മുഹമ്മദ് സിറാജ് ബെൻ ഫോക്സ് (13), റെഹാൻ അഹമ്മദ് (6), ജയിംസ് ആൻഡേഴ്സണ് (1) എന്നിവരെ പുറത്താക്കി നാല് വിക്കറ്റ് നേട്ടത്തിലെത്തി. 84 റണ്‍സ് വഴങ്ങിയായിരുന്നു സിറാജിന്റെ ആദ്യ ഹോം നാല് വിക്കറ്റ് പ്രകടനം.
ടെസ്റ്റ് ക്രിക്കറ്റിൽ 200 ഹോം വിക്കറ്റ് എന്ന നേട്ടത്തിൽ രവീന്ദ്ര ജഡേജ എത്തി. 200 ഹോം വിക്കറ്റ് ഉള്ള അഞ്ചാമത് ഇന്ത്യൻ ബൗളറാണ് ജഡേജ. ലോകത്തിൽ ഈ നേട്ടമുള്ള രണ്ടാമത് ഇടംകൈയൻ സ്പിന്നറാണ് ജഡേജ. ശ്രീലങ്കയുടെ രംഗണ ഹെറാത്താണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.