ഇന്ത്യ x ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ രാജ്കോട്ടിൽ
Wednesday, February 14, 2024 12:39 AM IST
രാജ്കോട്ട്: രണ്ട് ആഴ്ചത്തെ വിശ്രമത്തിനുശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനു നാളെ വീണ്ടും തുടക്കം. അഞ്ച് മത്സര പരന്പരയിലെ മൂന്നാം മത്സരം നാളെ രാജ്കോട്ടിൽ അരങ്ങേറും. ആദ്യടെസ്റ്റിൽ 28 റണ്‍സിനു പരാജയപ്പെട്ട ഇന്ത്യ, രണ്ടാം ടെസ്റ്റിൽ 106 റണ്‍സിന്റെ ജയവുമായി തിരിച്ചെത്തിയിരുന്നു. രാജ്കോട്ടിൽ നാളെ മത്സരം നടക്കുന്പോൾ രണ്ടാം ജയത്തിലൂടെ ലീഡ് നേടുക എന്നതാണ് ഇരുടീമിന്റെയും ലക്ഷ്യം.
സീനിയർ കളിക്കാരിൽ പലരുടെയും അഭാവത്തിൽ പുതുമുഖങ്ങളുമായാണ് ഇന്ത്യ ഈ പരന്പരയിൽ ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. ബാറ്റർമാരായ ദേവ്ദത്ത് പടിക്കൽ, സർഫറാസ് ഖാൻ, ബൗളർ ആകാശ് ദീപ്, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെൽ എന്നിവർ ടെസ്റ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ല. യശസ്വി ജയ്സ്വാൾ (6), കെ.എസ്. ഭരത് (7), വാഷിംഗ്ടണ്‍ സുന്ദർ (4), മുകേഷ് കുമാർ (3), രജത് പാട്ടിദർ (1) എന്നിവർക്ക് ടെസ്റ്റ് പരിചയം 10ൽ താഴെ മാത്രവും. ഇന്ത്യൻ ടെസ്റ്റ് ടീം മുഖം മാറുകയാണെന്നു വേണമെങ്കിൽ പറയാവുന്ന സ്ഥിതിവിശേഷം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച മൂന്ന് ബാറ്റർമാരില്ലാതെയാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യ കളിക്കുക. പരിക്കേറ്റ് പുറത്തായ കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, കുടുംബ കാര്യങ്ങളുമായി തിരക്കിലുള്ള വിരാട് കോഹ്ലി എന്നിവരുടെ അഭാവം ഇന്ത്യ മൂന്നാം മത്സരത്തിൽ എങ്ങനെ അതിജീവിക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ഭരതിനു പകരം ജുറെൽ ?
വിക്കറ്റ് കീപ്പർ സ്ഥാനത്ത് മാറ്റം വന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും സാമാന്യ പ്രകടനം കാഴ്ചവയ്ക്കാത്ത കെ.എസ്. ഭരതിനു പകരം യുവതാരം ധ്രുവ് ജുറെൽ അരങ്ങേറ്റം നടത്തിയേക്കും.
ഭരത് ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ ഇന്ത്യ എ, ഉത്തർപ്രദേശ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്കായി ജുറെൽ നടത്തിയ പ്രകടനം പ്രശംസനീയമാണ്. ഇന്ത്യക്കായി ഇതുവരെ ഏഴ് ടെസ്റ്റ് കളിച്ച് 221 റണ്‍സ് മാത്രമാണ് ഭരത് നേടിയത്. ഒരു അർധസെഞ്ചുറിപോലും നേടാനും സാധിച്ചിട്ടില്ല.
അതേസമയം, ഫസ്റ്റ് ക്ലാസിൽ 19 ഇന്നിംഗ്സിൽനിന്ന് ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും അടക്കം 790 റണ്‍സ് ജുറെൽ നേടിയിട്ടുണ്ട്. 249 ആണ് ജുറെലിന്റെ ഉയർന്ന സ്കോർ. കഴിഞ്ഞ മാസം ഇംഗ്ലണ്ട് ലയണ്‍സിന് എതിരേ 50ഉം ഡിസംബറിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരേ 69ഉം റണ്‍സ് ഇരുപത്തിരണ്ടുകാരനായ ജുറെൻ നേടിയെന്നതും ശ്രദ്ധേയം.
ജഡേജയ്ക്കും പൂജാരയ്ക്കും ആദരം
ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ സൂപ്പർ താരങ്ങളായി ഇന്ത്യൻ ടീമിലേക്ക് എത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ഇന്നു നടക്കുന്ന പ്രത്യേക ചടങ്ങിൽ ആദരിക്കും.
രാജ്കോട്ട് സ്റ്റേഡിയത്തിന്റെ പേര് നിരഞ്ജൻ ഷാ എന്നും മാറ്റും. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നാണ് നിലവിൽ ഇത് അറിയപ്പെടുന്നത്.
രാജ്കോട്ടിൽ ജനിച്ച നിരഞ്ജൻ ഷാ, സൗരാഷ്ട്രയ്ക്കുവേണ്ടി 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി, ഐപിഎൽ വൈസ് ചെയർമാൻ തസ്തികകളും എഴുപത്തൊന്പതുകാരനായ നിരഞ്ജൻ ഷാ വഹിച്ചിരുന്നു.