ഗോകുലം കേരള കളത്തിൽ
Thursday, February 8, 2024 11:21 PM IST
കല്യാണി (ബംഗാൾ): ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായ ഗോകുലം കേരള എഫ്സി ഇന്ന് കളത്തിൽ. ഉത്തർപ്രദേശ് ക്ലബ്ബായ ഇന്റർ കാശിയാണ് ഗോകുലത്തിന്റെ എതിരാളികൾ. രാത്രി 7.00നാണ് കിക്കോഫ്.
സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായശേഷം ഗോകുലം കളത്തിലെത്തുന്ന ആദ്യ മത്സരമാണ് ഇന്റർ കാശിക്കെതിരായത്. 11 മത്സരങ്ങളിൽ നാല് ജയവും അഞ്ച് സമനിലയും രണ്ട് തോൽവിയുമായി 17 പോയിന്റാണ് ഗോകുലത്തിന്റെ അക്കൗണ്ടിൽ.
ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഗോകുലം. 12 മത്സരങ്ങളിൽ അഞ്ച് ജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി 18 പോയിന്റുമായി ഇന്റർ കാശി ആറാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങളിൽ 27 പോയിന്റുള്ള മുഹമ്മദൻ എസ്സിയാണ് ലീഗിന്റെ തലപ്പത്ത്.