ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ
Wednesday, February 7, 2024 1:00 AM IST
ബ്ലൂംഫോണ്ടെയ്ൻ: ഓ... സച്ചിൻ വന്താരയ്യ... എന്ന ഇന്ത്യൻ ക്രിക്കറ്റ് വികാരം ഒരിക്കൽക്കൂടി തിരിച്ചെത്തുന്നു... ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിനെ അനുസ്മരിപ്പിച്ച് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിലുള്ള സച്ചിൻ ദാസിന്റെ വെടിക്കെട്ട് ബാറ്റിംഗ്. സച്ചിന് തെണ്ടുൽക്കറിനെ പോലെ ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റുന്നതായിരുന്നു സച്ചിൻ ദാസിന്റെ ഇന്നിംഗ്സും.
സച്ചിൻ തെണ്ടുൽക്കറിനെ അനുസ്മരിപ്പിച്ച് 10-ാം നന്പർ ജഴ്സിയിൽ സച്ചിൻ എന്ന പേരിലാണ് സച്ചിൻ ദാസ് കളത്തിൽ എത്തുന്നത്. 95 പന്തിൽ ഒരു സിക്സും 11 ഫോറും അടക്കം 96 റൺസ് നേടി ഐസിസി അണ്ടർ 19 ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയെ രണ്ട് വിക്കറ്റ് ജയത്തിലേക്ക് അടുപ്പിച്ചത് സച്ചിൻ ദാസ് ആയിരുന്നു.
സച്ചിൻ ദാസിന് ഒപ്പം ക്യാപ്റ്റൻ ഉദയ് സഹാറന്റെ (124 പന്തിൽ 81 റൺസ് )ഇന്നിംഗ്സും ഇന്ത്യയുടെ തിരിച്ചുവരവ് ജയത്തിൽ നിർണായകമായി. സ്കോർ: ദക്ഷിണാഫ്രിക്ക 244/7. ഇന്ത്യ 48.5 ഓവറിൽ 248/8. നാളെ നടക്കുന്ന ഓസ്ട്രേലിയxപാക്കിസ്ഥാൻ സെമി ഫൈനൽ മത്സരത്തിലെ വിജയികളെ ഫൈനലിൽ ഇന്ത്യ നേരിടും.
ഗ്രേറ്റ് എസ്കേപ്പ്
245 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്ക് 11.2 ഓവറിൽ 32 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടു. തുടർന്നായിരുന്നു വന്പൻ തിരിച്ചുവരവിലൂടെ ഇന്ത്യ ജയത്തിലേക്ക് എത്തിയത് എന്നതാണ് ഹൈലൈറ്റ്. ജസ്പ്രീത് ബുംറയേക്കാൾ മികച്ചവനാണെന്ന് അവകാശപ്പെട്ട പേസർ മഫകയുടെ ആദ്യ പന്തിൽത്തന്നെ ഇന്ത്യയുടെ ആദർശ് സിംഗ് (0) പുറത്ത്.
രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം ഇന്ത്യയുടെ വിശ്വസ്തനായ മുഷീർ ഖാനും (4), ഓപ്പണർ അർഷിൻ കുൽക്കർണിയും (12), പ്രിയാൻശു മോലിയയും(5) ട്രിസ്റ്റാൻ ലൂസിന്റെ പന്തിൽ പുറത്ത്. അതോടെ ഇന്ത്യ 32/4 എന്ന നിലയിൽ തോൽവി മുന്നിൽകണ്ടു.
എന്നാൽ, അഞ്ചാം വിക്കറ്റിൽ സച്ചിൻ ദാസും ഉദയ് സഹാറനും ചേർന്ന് 171 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചു. 187 പന്തിൽ ആയിരുന്നു ഇവരുടെ 171 റൺസ് കൂട്ടുകെട്ട്. സച്ചിൻ ദാസിനെ പുറത്താക്കി മഫക ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പോരാട്ടം സജീവമാക്കി.
42 ഓവറിൽ നാലിന് 203 എന്ന നിലയിൽനിന്ന് ഇന്ത്യയെ ഏഴിന് 227ലേക്ക് ദക്ഷിണാഫ്രിക്ക വീണ്ടും വലിച്ചിട്ടു. എന്നാൽ, ഒരറ്റത്ത് പിടിച്ചുനിന്ന ഉദയ് സഹാറൻ ഇന്ത്യയുടെ പോരാട്ടം നയിച്ചു. സ്കോർ 244ൽ എത്തിയശേഷമാണ് സഹാറർ പുറത്തായത്. നാല് പന്തിൽ 13 റൺസുമായി രാജ് ലിംബാനി പുറത്താകാതെനിന്നു.
ചാന്പ്യൻ ഫൈനലിൽ
നിലവിലെ ചാന്പ്യന്മാരാണ് ഇന്ത്യ. കിരീടം നിലനിർത്തുക എന്നതാണ് ഇന്ത്യയുടെ അടുത്ത ലക്ഷ്യം. അണ്ടർ 19 ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ ടീമാണ് ഇന്ത്യ.