രചിന് ഡബിൾ; കിവീസിനു കൂറ്റൻ സ്കോർ
Tuesday, February 6, 2024 1:22 AM IST
മൗണ്ട് മാംഗനുയി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. യുവതാരം രചിൻ രവീന്ദ്രയുടെ ഇരട്ട ശതകത്തിന്റെയും കെയ്ൻ വില്യംസണിന്റെ സെഞ്ചുറിയുടെയും കരുത്തിൽ ന്യൂസിലൻഡിന് 511 റണ്‍സ്.
മറുപടി ബാറ്റിംഗാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 80 റണ്‍സ് എടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിവസം കളി നിർത്തുന്പോൾ ദക്ഷിണാഫ്രിക്ക 431 റണ്‍സ് പിന്നിലാണ്.
16.5 ഓവറിൽ 39ന് രണ്ട് എന്ന നിലയിൽ ഒന്നിച്ച വില്യംസണും രവീന്ദ്രയും 94.5 ഓവറിൽ 271ൽ ആണ് പിരിയുന്നത്. വില്യംസണിനെ (118) മോർക്കിയുടെ കൈളിലെത്തിച്ച് സ്വാർഡ്റ്റാണു കൂട്ടുകെട്ട് പൊളിച്ചത്. കിവീസ് സ്കോർ 474ൽവച്ചാണ് രവീന്ദ്ര പുറത്തായത്. 240 റണ്‍സ് നേടിയ രവീന്ദ്രയെ നീൽ ബ്രാൻഡ് ക്ലീൻബൗൾഡാക്കി. 26 ഫോറും മൂന്നു സിക്സുമാണ് ആ ബാറ്റിൽനിന്നു പിറന്നത്.
ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റൻ നീൽ ബ്രാൻഡ് ആറ് വിക്കറ്റ് വീഴ്ത്തി. റോൻ ഡെ സ്വാർഡറ്റ് രണ്ടും ഡ്വയ്ൻ പീറ്റേഴ്സണും ഷെപോ ലീവിയറും ഓരോ വിക്കറ്റും നേടി.
ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ 26ൽ നിൽക്കേ ക്യാപ്റ്റൻ നീൽ ബ്രാൻഡിനെ (നാല്) നഷ്ടമായി. റെയ്നാർഡ് വാൻ ടോൻഡൻ പൂജ്യനായി ഈ വിക്കറ്റും കെയ്ൽ ജാമിസണ് നേടി.
പിന്നാലെ എഡ്വാർഡ് മൂർ (50 പന്തിൽ 23 റണ്‍സ്) സുബെർ ഹംസയെ (38 പന്തിൽ 22) സാന്റ്നറും കുടുക്കിയതോടെ 74ന് നാല് എന്ന സ്കോറിലേക്കൊതുങ്ങി. രണ്ടാം ദിവസം കളി അവസാനിക്കുന്പോൾ ഡേവിഡ് വെഡിംഗ്ഹാം (29), കീഗൻ പിറ്റേഴ്സണ് (രണ്ട് റണ്‍സ്) ആണ് ക്രീസിൽ.
നേട്ടവുമായി രചിൻ രവീന്ദ്ര
ഇരട്ട ശതകം കുറിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്ത ന്യൂസിലൻഡ് കളിക്കാരനെന്ന റിക്കാർഡ് രചിൻ രവീന്ദ്ര സ്വന്തം പേരിലാക്കി. 336 പന്തിൽ 240 റണ്‍സ്- 26 ഫോറും മൂന്ന് സിക്സും നേടിയാണ് രവീന്ദ്ര ഈ നേട്ടത്തിനർഹനായത്. 24 വയസ് 79 ദിവസം പ്രായമാണ് ഈ നേട്ടം കുറിക്കുന്പോൾ രചിനുള്ളത്.
1999ൽ ന്യൂസിലൻഡിന്റെ മാത്യു സിൻക്ലയർ അരങ്ങേറ്റ മത്സരത്തിൽ നേടിയ 214 റണ്‍സാണ് റിക്കാർഡ്. 24 വയസ് 47 ദിവസമായിരുന്നു മാത്യു സിൻക്ലയർ ഇരട്ട ശതകം നേടുന്പോഴുള്ള പ്രായം.