ബ്രാഡ്മാനെ പിന്തള്ളി വില്യംസണ്
Monday, February 5, 2024 1:03 AM IST
മൗണ്ട് മാംഗനുയി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം ന്യൂസിലൻഡിനു സ്വന്തം. ക്യാപ്റ്റൻ കെയ്ൻ വില്യംസണും (112) രചിൻ രവീന്ദ്രയും (118) പുറത്താകാതെ നേടിയ സെഞ്ചുറിയുടെ ബലത്തിൽ കവികൾ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിനം കളി അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 258 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലൻഡ്.
രാജ്യാന്തര ടെസ്റ്റ് സെഞ്ചുറി എണ്ണത്തിൽ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനെയും (29) വിരാട് കോഹ്ലിയെയും (29) വില്യംസണ് (30) മറികടന്നപ്പോൾ രചിൻ രവീന്ദ്രയുടെ കന്നി സെഞ്ചുറിയാണ് ബെ ഓവലിൽ പിറന്നത്.
പ്രോട്ടീസിന്റെ രണ്ടാം നിര ടീമിനെ നേരിടുന്ന കിവികൾക്ക് തുടക്കത്തിൽ കാര്യങ്ങൾ ശുഭകരമായിരുന്നില്ല. രണ്ട് റണ്‍സ് ചേർക്കുന്പോഴേക്കും ഓപ്പണർ ഡെവണ്‍ കോണ്‍വെയെ (1) നഷ്ടപ്പെട്ട ന്യൂസിലൻഡിന് സ്കോർ അർധസെഞ്ചുറി അടുക്കും മുൻപേ അടുത്ത പ്രഹരമേറ്റു, ടോം ലാഥം (20) പുറത്ത്. പിന്നീട് ക്യാപ്റ്റനും രചിൻ രവീന്ദ്രയും കളി ഏറ്റെടുത്തു. 241 പന്തിലാണ് വില്യംസണ് സെഞ്ചുറി പൂർത്തിയാക്കിയത്. നേരിട്ട 189-ാം പന്തിലായിരുന്നു രചിൻ രവീന്ദ്രയുടെ സെഞ്ചുറി. വില്യംസണ്-രചിൻ സഖ്യം മൂന്നാം വിക്കറ്റിൽ 219 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് സ്ഥാപിച്ചു.