ദക്ഷിണകൊറിയ സെമിയിൽ, ജപ്പാൻ പുറത്ത്
Sunday, February 4, 2024 12:14 AM IST
ദോഹ: ഇഞ്ചുറി ടൈമിലും അധിക സമയത്തും സൂര്യനായി സണ്‍ ഹ്യൂങ് മിൻ ഉദിച്ചപ്പോൾ എഎഫ്സി ഏഷ്യൻ കപ്പിൽ ദക്ഷിണകൊറിയ സെമി ഫൈനലിൽ. ഇഞ്ചുറി ടൈം ഗോളിലൂടെ സമനില പിടിച്ചശേഷമായിരുന്നു അധിക സമയത്ത് ഓസ്ട്രേലിയയെ കീഴടക്കി ദക്ഷിണകൊറിയ സെമി ടിക്കറ്റെടുത്തത്. 2-1നായിരുന്നു ദക്ഷിണകൊറിയയുടെ ജയം.
42-ാം മിനിറ്റിൽ ക്രെയ്ഗ് ഗുഡ് വിൻ സോക്കറൂസിനെ മുന്നിലെത്തിച്ചു. ആ ഗോളിന്റെ ലീഡുമായി ഇഞ്ചുറി ടൈമിൽവരെ ഓസ്ട്രേലിയ മുന്നിട്ടുനിന്നു. എന്നാൽ, പന്തുമായി ബോക്സിനുള്ളിൽ പ്രവേശിച്ച സണ്‍ ഹ്യൂങ് മിന്നിനെ ഓസ്ട്രേലിയയുടെ ലെവിസ് മില്ലർ വീഴ്ത്തി. അങ്ങനെ 90+6-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹ്വാങ് ഹീ ചാൻ ദക്ഷിണകൊറിയയെ 1-1ൽ എത്തിച്ചു. തുടർന്ന് അധിക സമയത്തേക്ക് മത്സരം നീണ്ടപ്പോൾ 104-ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ സണ്‍ ഹ്യൂങ് മിൻ ദക്ഷിണകൊറിയയ്ക്ക് ജയം സമ്മാനിച്ചു.
സെമിയിൽ ജോർദാനാണ് ദക്ഷിണകൊറിയയുടെ എതിരാളികൾ. 2011നുശേഷം ആദ്യമായാണ് ദക്ഷിണകൊറിയ സെമിയിൽ പ്രവേശിക്കുന്നത്.
ജപ്പാൻ 1-2 ഇറാൻ
എഎഫ്സി ഏഷ്യൻ കപ്പ് ഏറ്റവും കൂടുതൽ പ്രാവശ്യം സ്വന്തമാക്കിയ (4) റിക്കാർഡുള്ള ജപ്പാൻ സെമി കാണാതെ പുറത്ത്. ഇറാൻ 2-1ന് ജപ്പാനെ അട്ടിമറിച്ച് സെമിയിൽ പ്രവേശിച്ചു. ഫിഫ റാങ്കിംഗിൽ 17-ാം സ്ഥാനത്തുള്ള ജപ്പാൻ ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിട്ടുനിന്നു.
എന്നാൽ, ഫിഫ റാങ്കിംഗിൽ 21-ാം സ്ഥാനക്കാരായ ഇറാൻ രണ്ടാംപകുതിയിലെ രണ്ട് ഗോളിലൂടെ ജയം സ്വന്തമാക്കി. ഇഞ്ചുറി ടൈമിലെ പെനാൽറ്റിയിലൂടെയായിരുന്നു ഇറാന്റെ ജയം കുറിക്കപ്പെട്ടത്.