കേരളത്തിനു മുൻതൂക്കം
Sunday, February 4, 2024 12:14 AM IST
റായ്പുർ: ഛത്തീസ്ഗഡിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന്റെ രണ്ട്ദിനം പിന്നിട്ടപ്പോൾ കേരളത്തിനു മുൻതൂക്കം.
ഒന്നാം ഇന്നിംഗ്സിൽ 350 റണ്‍സ് നേടിയ കേരളം, രണ്ടാംദിനം അവസാനിക്കുന്പോൾ ഛത്തീസ്ഗഡിന്റെ നാല് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സ് എന്ന നിലയിലാണ് ഛത്തീസ്ഗഡ് രണ്ടാംദിനം ക്രീസ് വിട്ടത്. സഞ്ജീത് ദേശായി (50) അർധസെഞ്ചുറിയുമായി ക്രീസിൽ തുടരുന്നു.
നാല് വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സ് എന്നനിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിനു വേണ്ടി മുഹമ്മദ് അസ്ഹറുദ്ദീൻ (85) അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ സഞ്ജു സാംസണിന് (57) തലേദിവസത്തെ സ്കോറിനോട് ഒരു റണ്‍ പോലും ചേർക്കാൻ സാധിച്ചില്ല.
നേരത്തേ, രോഹൻ പ്രേം (54), സച്ചിൻ ബേബി (91) എന്നിവരും കേരളത്തിനായി അർധസെഞ്ചുറി നേടിയിരുന്നു.