ആഴ്സണലിനു ജയം; രണ്ടാമത്
Thursday, February 1, 2024 1:40 AM IST
നോട്ടിംഗ്ഹാം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനു ജയം. ഒരു ഗോൾ നേടുകയും ഒരെണ്ണത്തിനു വഴിയൊരുക്കുകയും ചെയ്ത ഗബ്രിയേൽ ജീസസിന്റെ മികവിൽ ആഴ്സണൽ 2-1ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപ്പിച്ചു.
65-ാം മിനിറ്റിൽ ആഴ്സണലിനെ മുന്നിലെത്തിച്ച ജീസസ് അഞ്ചു മിനിറ്റിനുശേഷം ബുക്കായോ സാക്കയുടെ ഗോളിനു വഴിയൊരുക്കി. ലീഗിൽ ആഴ്സണൽ നേടുന്ന തുടർച്ചയായ രണ്ടാം ജയമാണിത്. 22 കളിയിൽ 46 പോയിന്റുമായി ആഴ്സണൽ രണ്ടാം സ്ഥാനത്താണ്. 89-ാം മിനിറ്റിൽ തയ് വോ അവോനിയി ഒരു ഗോൾ മടക്കി. അവസാന മിനിറ്റുകളിൽ ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റയയുടെ മിന്നുന്ന രക്ഷപ്പെടുത്തലുകൾ ടീമിനെ രക്ഷിച്ചു.
ബ്രൈറ്റനെ തകർത്ത് ലൂട്ടൻ
എലിജ അഡെബായോയുടെ ഹാട്രിക് മികവിൽ ലൂട്ടൻ ടൗണ്‍ 4-0ന് ബ്രൈറ്റൻ ആൻഡ് ഹോവിനെ തകർത്തു. ജയത്തോടെ ലൂട്ടൻ തരംതാഴ്ത്തൽ ഭീഷണിയിൽനിന്നു കടന്നു. ആദ്യ മൂന്നു മിനിറ്റിനിടെ ലൂട്ടൻ രണ്ടു ഗോളിനു മുന്നിലെത്തി. കളി തുടങ്ങി 20 സെക്കൻഡ് ആയപ്പോൾ അഡെബായോയുടെ ക്ലോസ് റേഞ്ചർ ഹെഡർ ലൂട്ടനെ മുന്നിലെത്തിച്ചു. രണ്ടു മിനിറ്റ് 17 സെക്കൻഡിലെത്തിയപ്പോൾ ചിഡോസി ഒഗ്ബെൻ ലീഡ് രണ്ടാക്കി. 42-ാം മിനിറ്റിൽ അഡെബായോ രണ്ടാം ഗോളും 56-ാം മിനിറ്റിൽ താരം ഹാട്രിക്കും തികച്ചു. ഒന്നാം നിര ലീഗ് മത്സരത്തിൽ അഡെബായോയുടെ ആദ്യ ഹാട്രിക്കാണ്.
പ്രീമിയർ ലീഗ് ചരിത്രത്തിൽ ലെസ്റ്റർ സിറ്റി മാത്രമാണ് ഇതിനെക്കാൾ വേഗത്തിൽ ആദ്യംതന്നെ രണ്ടു ഗോൾ നേടിയിട്ടുള്ളത്. 1998ൽ ഡെർബി കൗണ്ടിക്കെതിരേ രണ്ടു മിനിറ്റിനിടെയാണ് ലെസ്റ്റർ രണ്ടു ഗോൾ നേടിയത്. ബ്രൈറ്റൻ 32 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ജയത്തോടെ ലൂട്ടൻ ഒരു സ്ഥാനം മുന്നേറി 17-ാമതെത്തി.
ഒടുവിൽ വില്ല പാർക്കിൽ തോറ്റു
പ്രീമിയർ ലീഗിൽ സ്വന്തം വില്ലാ പാർക്കിൽ തോൽവി അറിയാതെയുള്ള ആസ്റ്റണ്‍ വില്ലയുടെ കുതിപ്പിനു വിരാമമായി. കഴിഞ്ഞ ഫെബ്രുവരിയിൽ ലീഗിൽ ആഴ്സണലിനോട് 4-2ന് തോറ്റശേഷം സ്വന്തം ഗ്രൗണ്ടിൽ 17 മത്സരങ്ങളിൽ ആസ്റ്റണ്‍ വില്ല തോറ്റിട്ടില്ല. 16 ജയവും ഒരു സമനിലയുമായിരുന്നു. ന്യൂകാസിൽ യുണൈറ്റഡിനോട് ഒന്നിനെതിരേ മൂന്നു ഗോളിനു തോറ്റതോടെയാണു വില്ലയുടെ കുതിപ്പ് അവസാനിപ്പിച്ചത്.
ന്യൂകാസിലിനായി ഫാബിയൻ ഷർ (32’, 36’) രണ്ടു ഗോൾ നേടി. ഒരണ്ണം അലക്സ് മൊറേനോയുടെ (52’) ഓണ്‍ ഗോളായിരുന്നു. ഒലി വാട്കിൻസ് (71’) ആണ് വില്ലയ്ക്കായി വലകുലുക്കിയത്. പോയിന്റ് പട്ടികയിൽ 43 പോയിന്റുമായി വില്ല നാലാമതും 32 പോയിന്റുമായി ന്യൂകാസിൽ ഏഴാമതുമാണ്.