രഞ്ജി ട്രോഫി: കേരളത്തിനു സമനില തന്നെ
Tuesday, January 30, 2024 12:28 AM IST
പാറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബിഹാർ - കേരള മത്സരം സമനിലയിൽ. നാലാം ദിനം കേരളം രണ്ടാം ഇന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 220 എന്ന നിലയിൽ നിൽക്കേ മത്സരം അവസാനിച്ചു. 109 റണ്‍സുമായി പുറത്താകാതെ നിന്ന സച്ചിൻ ബേബിയാണ് രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ ടോപ് സ്കോറർ.
ബിഹാറിനായി അശുതോഷ് അമൻ രണ്ടും ആർ. പ്രതാപ് സിംഗ്, വിപുൽ കൃഷ്ണ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. നേരത്തേ ഒന്നാം ഇന്നിംഗ്സിൽ കേരളം ശ്രേയസ് ഗോപാലിന്റെ സെഞ്ചുറി (137 റണ്‍സ്) മികവിൽ 227 റണ്‍സാണ് സ്കോർ ചെയ്തത്.
ഹിമാൻഷു സിംഗ് ബിഹാറിനായി നാലു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബിഹാർ, സാക്കിബുൽ ഗനിയുടെ സെഞ്ചുറി മികവിൽ (150 റണ്‍സ്) 377 റണ്‍സെടുത്തു. ഇതോടെ ബിഹാർ 150 റണ്‍സ് ലീഡ് സ്വന്തമാക്കി. ശ്രേയസ് ഗോപാലും അഖിൻ സത്താറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
ഗ്രൂപ്പ് ബിയിൽ നാലു മത്സരങ്ങൾ കളിച്ച കേരളത്തിന് ഇതുവരെ ജയിക്കാനായില്ല. ഒരു തോൽവിയും മൂന്നു സമനിലയുമാണു ഫലം.