ഓസ്ട്രേലിയൻ ഓപ്പണ്‍ ഡബിൾസ് കിരീടം ബൊപ്പണ്ണ സഖ്യത്തിന്
Saturday, January 27, 2024 11:51 PM IST
മെൽബണ്‍: ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിൾസ് ജേതാവ്.
ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും ബൊപ്പണ്ണയും ചേർന്നുള്ള സഖ്യം പുരുഷ ഡബിൾസ് ഫൈനലിൽ ഇറ്റലിയുടെ സിമോണ്‍ ബൊലെല്ലി-ആൻഡ്രിയ വാവസോറി കൂട്ടുകെട്ടിനെയാണ് ഫൈനലിൽ കീഴടക്കിയത്. സ്കോർ: 7-6 (7-0), 7-5. പുരുഷ ഡബിൾസിൽ ബൊപ്പണ്ണയുടെ കന്നി ഗ്രാൻസ്ലാം കിരീടമാണ്.
ഇതോടെ ഓപ്പണ്‍ കാലഘട്ടത്തിൽ ഒരു ഗ്രാൻസ്ലാം ട്രോഫി സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരൻ എന്ന റിക്കാർഡ് നാൽപ്പത്തിമൂന്നുകാരനായ ബൊപ്പണ്ണ സ്വന്തമാക്കി. ഏറ്റവും പ്രായമുള്ള ഗ്രാൻസ്ലാം ഫൈനലിസ്റ്റ് എന്ന റിക്കാർഡുമായാണ് ബൊപ്പണ്ണ ഇന്നലെ റോഡ് ലേവർ അരീനയിൽ കിരീട പോരാട്ടത്തിന് ഇറങ്ങിയത്.
സെമിയിൽ പ്രവേശിച്ചതോടെ പുരുഷ ഡബിൾസിൽ ലോക ഒന്നാം നന്പറിൽ എത്തുന്ന ഏറ്റവും പ്രായമുള്ള ടെന്നീസ് താരമെന്ന റിക്കാർഡും ഈ ബംഗളൂരു സ്വദേശി സ്വന്തമാക്കിയിരുന്നു. 2019ൽ മൈക്ക് ബ്രയാൻ 41-ാം വയസിൽ ലോക ഒന്നാം നന്പർ ആയതായിരുന്നു മുന്‍പുള്ള റിക്കാർഡ്.
നാലാം ഇന്ത്യൻ താരം
ടെന്നീസ് ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന നാലാമത് ഇന്ത്യൻ താരമാണ് രോഹൻ ബൊപ്പണ്ണ. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരായിരുന്നു മുന്‍പ് ലോക ഒന്നാം നന്പറിൽ എത്തിയ ഇന്ത്യക്കാർ.
പുരുഷ ഡബിൾസിൽ ബൊപ്പണ്ണയുടെ മൂന്നാം ഗ്രാൻസ്ലാം ഫൈനലായിരുന്നു ഇന്നലെ നടന്നത്, ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യത്തേതും. 2010, 2023 സീസണിൽ യുഎസ് ഓപ്പണ്‍ പുരുഷ ഡബിൾസ് ഫൈനലിൽ പ്രവേശിച്ചെങ്കിലും ട്രോഫിയിൽ മുത്തംവയ്ക്കാൻ സാധിച്ചില്ല.
റിക്കാർഡുകൾ പലത്
ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ ഡബിൾസിലെ ആദ്യ റൗണ്ടിൽ ജയിച്ചപ്പോൾ പ്രഫഷണൽ ടെന്നീസിൽ 500 ജയം എന്ന നാഴികക്കല്ല് ബൊപ്പണ്ണ പിന്നിട്ടിരുന്നു.
ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കുന്ന നാലാമത് ഇന്ത്യൻ താരമാണ്. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് മുന്‍പ് ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തംവച്ച ഇന്ത്യക്കാർ.