കൗമാരക്കാർ മിന്നിച്ചു
Friday, January 26, 2024 4:46 AM IST
ബ്ലൂംഫോണ്ടെയ്ൻ: ഐസിസി അണ്ടർ 19 പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ 201 റണ്‍സിന് അയർലൻഡിനെ കീഴടക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 301 റണ്‍സ് നേടി. 29.4 ഓവറിൽ അയർലൻഡിനെ 100 റണ്‍സിന് ഔട്ടാക്കി ഇന്ത്യ ആധികാരിക ജയം ആഘോഷിച്ചു. 53 റണ്‍സ് വഴങ്ങി ഇന്ത്യയുടെ നമാൻ തിവാരി നാല് വിക്കറ്റ് വീഴ്ത്തി.
മുഷീർ ഖാന്റെ (106 പന്തിൽ 118) സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ഉദയ് സഹാറൻ 84 പന്തിൽ 75 റണ്‍സ് നേടി. മുഷീർ ഖാനാണ് പ്ലെയർ ഓഫ് ദ മാച്ച്. യുഎസ്എയ്ക്ക് എതിരേ 28നാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ അവസാന മത്സരം. രണ്ട് മത്സരത്തിൽ നാല് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.