കേരളത്തെ 232 റൺസിന് മുംബൈ കീഴടക്കി
Tuesday, January 23, 2024 12:45 AM IST
തുന്പ: പ്രതീക്ഷകളെല്ലാം അസ്ഥാനത്ത്, രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം മുംബൈക്കു മുന്നിൽ അടപടലം പൊട്ടി. 327 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ടാം ഇന്നിംഗ്സിൽ 94 റണ്‍സിനു പുറത്ത്. അതോടെ മുംബെ 232 റണ്‍സിന്റെ വന്പൻ ജയം സ്വന്തമാക്കി.
ഇംഗ്ലീഷ് ടീം ഫലപ്രദമായി നടപ്പാക്കുന്ന ആക്രമണശൈലിയിലുള്ള ബാറ്റിംഗായ ബാസ്ബോൾ ക്രിക്കറ്റ് കളിച്ച് കേരളം ജയം എത്തിപ്പിടിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. സ്കോർ: മുംബൈ 251, 319. കേരളം 244, 94. മുംബൈയുടെ മോഹിൻ അവാസ്തിയാണ് (7/57&16, 0/12, 32) പ്ലേയർ ഓഫ് ദ മാച്ച്.
ഷംസ് മുലാനി 5/44
44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷംസ് മുലാനിയാണ് കേരളത്തിന്റെ ഇന്നിംഗ്സിനു ഫുൾസ്റ്റോപ്പ് ഇട്ടത്. വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് നാലാംദിനമായ ഇന്നലത്തെ ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് നഷ്ടമായി.
16 റണ്‍സ് നേടിയ ജലജ് സക്സേനയെ ധവാൽ കുൽക്കർണി ക്ലീൻ ബൗൾഡാക്കി. തൊട്ടുപിന്നാലെ കൃഷ്ണ പ്രസാദിനെയും (4) കുൽക്കർണി മടക്കി. 36 പന്തിൽ 26 റണ്‍സ് നേടിയ രോഹൻ കുന്നുമ്മലിന്റെ ഊഴമായിരുന്നു അടുത്തത്.
ഷംസ് മുലാനിയുടെ പന്തിൽ അജിങ്ക്യ രഹാനെയ്ക്ക് ക്യാച്ച് നൽകി രോഹൻ മടങ്ങി. രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ ടോപ് സ്കോററും രോഹൻ കുന്നുമ്മലാണ്. ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ കേരള ക്യാപ്റ്റൻ സഞ്ജു സാംസണ് 53 പന്തിൽ 15 റണ്‍സുമായി പുറത്താകാതെനിന്നു.