ലീഡ് വഴങ്ങി കേരളം
Sunday, January 21, 2024 1:15 AM IST
തുന്പ: മുംബൈക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 251 മറികടക്കാൻ കേരളത്തിനു സാധിച്ചില്ല.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 244ൽ അവസാനിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ മുംബൈ രണ്ടാംദിനം അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സ് എടുത്തിട്ടുണ്ട്. രണ്ടു ദിവസം ശേഷിക്കുന്ന മത്സരത്തിൽ മുംബൈയുടെ ലീഡ് 112 ആയി.
രോഹൻ കുന്നുമ്മൽ (56), സച്ചിൻ ബേബി (65) എന്നിവർ മാത്രമാണ് കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്. ക്യാപ്റ്റൻ സഞ്ജു സാംസണ് 36 പന്തിൽ 38 റണ്‍സുമായി പുറത്തായി. സഞ്ജു പുറത്താകുന്പോൾ 36.5 ഓവറിൽ 170 റണ്‍സ് കേരള സ്കോർ ബോർഡിൽ ഉണ്ടായിരുന്നു. തുടർന്ന് 74 റണ്‍സ് എടുക്കുന്നതിനിടെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടമായി.
15.2 ഓവറിൽ 57 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മോഹിത് അവസ്തിയാണ് കേരളത്തിന്റെ ലീഡ് പ്രതീക്ഷയ്ക്ക് തടയിട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മോഹിതിന്റെ ഒരു ഇന്നിംഗ്സിലെ ഏറ്റവും മികച്ച ബൗളിംഗ് ആണിത്. രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ മുംബൈക്കുവേണ്ടി ജയ് ബിസ്ത (59) അർധസെഞ്ചുറി നേടി. ബിസ്തയ്ക്കൊപ്പം ഭുപെൻ ലാൽവാനിയും (41) ക്രീസിലുണ്ട്.