ഇഞ്ചുറി പറ്റാതെ ഗോവ
Thursday, January 18, 2024 12:43 AM IST
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ എഫ്സി ഗോവയ്ക്ക് രണ്ടാം ജയം. ഇഞ്ചുറി ടൈമിലെ ഗോളിൽ ഗോവ 1-0ന് ബംഗളൂരു എഫ്സിയെ കീഴടക്കി.
ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ ഗോവ 2-1ന് ഇന്റർ കാശിയെ തോൽപ്പിച്ചിരുന്നു. ബംഗളൂരു എഫ്സിക്ക് എതിരേ 90+4-ാം മിനിറ്റിൽ ബ്രിസണ്‍ ഫെർണാണ്ടസാണ് ഗോവയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.
ഗ്രൂപ്പ് സിയിൽ മുംബൈ സിറ്റി എഫ്സി 3-2ന് പഞ്ചാബ് എഫ്സിയെ കീഴടക്കി. രണ്ടാം ജയത്തോടെ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി. രണ്ട് മത്സരത്തിൽനിന്ന് നാല് പോയിന്റുമായി ചെന്നൈയിൻ രണ്ടാമതുണ്ട്. നാല് ഗ്രൂപ്പിലെയും ചാന്പ്യന്മാർ നേരിട്ട് സെമി ഫൈനലിലേക്ക് മുന്നേറും.