വിനീഷ്യസ് ഹാട്രിക്കിൽ റയലിനു സൂപ്പർ കോപ്പ
Tuesday, January 16, 2024 2:03 AM IST
റിയാദ്: 2024 സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോൾ കിരീടം റയൽ മാഡ്രിഡിന്. ചിരവൈരികളായ എഫ്സി ബാഴ്സലോണയ്ക്കെതിരേ അരങ്ങേറിയ ഫൈനലിൽ 4-1നായിരുന്നു റയലിന്റെ ആധികാരിക ജയം. ഇതോടെ 2023-24 സീസണിലെ രണ്ടാം എൽ ക്ലാസിക്കൊയിലും ബാഴ്സലോണയ്ക്കെതിരേ റയൽ മാഡ്രിഡ് ജയം കുറിച്ചു.
ബ്രസീൽ താരം വിനീഷ്യസ് ജൂണിയറിന്റെ (7’, 10’, 39’ പെനാൽറ്റി) ഹാട്രിക്കാണ് റയലിന് ഏകപക്ഷീയ ജയം സമ്മാനിച്ചത്. മറ്റൊരു ബ്രസീൽ താരമായ റോഡ്രിഗൊ (64’) റയലിന്റെ നാലാം ഗോളിനുടമയായി. ബാഴ്സലോണയ്ക്കുവേണ്ടി റോബർട്ട് ലെവൻഡോവ്സ്കിയുടെ (33’) വകയായിരുന്നു ഏക ഗോൾ. 71-ാം മിനിറ്റിൽ റോണൾഡ് അരൗജു ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് ബാഴ്സലോണ കളിച്ചത്.
വിനീഷ്യസ് റിക്കാർഡ്
ബാഴ്സലോണയ്ക്കെതിരേ റയൽ മാഡ്രിഡിനുവേണ്ടി ഹാട്രിക്ക് നേടുന്ന ആദ്യ ബ്രസീൽ താരമെന്ന റിക്കാർഡ് വിനീഷ്യസ് സ്വന്തമാക്കി. എൽ ക്ലാസിക്കൊയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ബ്രസീൽ കളിക്കാരൻ എന്ന നേട്ടത്തിൽ റൊണാൾഡോ നസാരിയൊയ്ക്ക് (6) ഒപ്പവും വിനീഷ്യസ് എത്തി.
21-ാം നൂറ്റാണ്ടിൽ അരങ്ങേരിയ എൽ ക്ലാസിക്കൊ പോരാട്ടങ്ങളിൽ ആദ്യ 39 മിനിറ്റിനുള്ളിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനാണ് വിനീഷ്യസ്. എൽ ക്ലാസിക്കൊ ചരിത്രത്തിൽ ആദ്യ പകുതിയിൽ ഹാട്രിക്ക് പൂർത്തിയാക്കുന്ന ആറാമനുമായി ഈ ബ്രസീൽ താരം.
13
സ്പാനിഷ് സൂപ്പർ കോപ്പ ട്രോഫി റയൽ മാഡ്രിഡ് സ്വന്തമാക്കുന്നത് ഇത് 13-ാം പ്രാവശ്യമാണ്. കാർലോ ആൻസിലോട്ടിയുടെ ശിക്ഷണത്തിൽ റയൽ നേടുന്ന 11-ാം ട്രോഫിയാണിത്. സിനദീൻ സിദ്ദാന്റെ ഒപ്പം രണ്ടാം സ്ഥാനത്തും ഇതോടെ ആൻസിലോട്ടി എത്തി. മിഗ്വൽ മ്യൂനോസ് (14) ആണ് റയലിനായി ഏറ്റവും കൂടുതൽ ട്രോഫി നേടിയ പരിശീലകൻ.