ഈജിപ്തിനെ തളച്ചു, ഘാനയെ വീഴ്ത്തി
Tuesday, January 16, 2024 2:03 AM IST
അബിജാൻ (ഐവറികോസ്റ്റ്): ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ മുൻചാന്പ്യന്മാർക്ക് വന്പൻ തിരിച്ചടി. ഏഴ് തവണ ചാന്പ്യന്മാരായ ഈജിപ്തിനെ മൊസാംബിക്ക് സമനിലയിൽ തളച്ചു.
2010നു ശേഷം ആദ്യമായി ചാന്പ്യൻഷിപ്പിനെത്തുന്ന മൊസാംബിക്ക് ഗ്രൂപ്പ് ബിയിൽ 2-2ന് ഈജിപ്തിനെ തളച്ചു. ഇഞ്ചുറി ടൈമിൽ സൂപ്പർ താരം മുഹമ്മദ് സല (90+7’) നേടിയ പെനാൽറ്റി ഗോളിലായിരുന്നു ഈജിപ്ത് സമനിലയോടെ തടിതപ്പിയത്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ നാലാമത് മാത്രമാണ് മൊസാംബിക്ക് എത്തുന്നതെന്നതും ശ്രദ്ധേയം.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഘാനയെ 1-2ന് കേപ് വേർദെ അട്ടിമറിച്ചു. നാല് തവണ ചാന്പ്യന്മാരായ ഘാനയെ ഇഞ്ചുറി ടൈമിലെ ഗോളിലായിരുന്നു കേപ് വെർദെ കീഴടക്കിയത്. ചാന്പ്യൻഷിപ്പിൽ കേപ് വെർദെ നാലാം തവണ മാത്രമാണ് എത്തുന്നത്.
മൂന്ന് തവണ കിരീടം സ്വന്തമാക്കിയ നൈജീരിയയെ ഗ്രൂപ്പ് എയിൽ 1-1ന് ഇക്വറ്റോറിയൽ ഗിനിയ സമനിലയിൽ പിടിച്ചുകെട്ടി.