എംജിക്ക് അഖിലേന്ത്യാ കിരീടം
Sunday, January 14, 2024 12:11 AM IST
കോട്ടയം: അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ വോളിബോൾ കിരീടം മഹാത്മാഗാന്ധി സർവകലാശാല സ്വന്തമാക്കി.
ഭുവനേശ്വറിലെ കിറ്റ് സർവകലാശാലയിൽവച്ച് നടന്ന ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ ബംഗാളിലെ അഡാമസ് യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി എംജി വനിതകൾ കപ്പിൽ മുത്തംവച്ചു. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു ചാന്പ്യനെ നിശ്ചയിച്ചത്. സ്കോർ: 25-12, 20-25, 25-23, 19-25, 15-9.
നിലവിലെ ചാന്പ്യന്മാരായിരുന്ന എസ്ആർഎം ചെന്നൈയെ പരാജയപ്പെടുത്തിയാണ് എംജി സെമിയിൽ കടന്നത്. ഇന്നലെ രാവിലെ നടന്ന സെമിയിൽ കഴിഞ്ഞവർഷത്തെ രണ്ടാം സ്ഥാനക്കാരായ പഞ്ചാബി യൂണിവേഴ്സിറ്റി പട്യാലയയെ കീഴടക്കി എംജി കലാശപ്പോരാട്ടത്തിനെത്തി.
2017നു ശേഷം ആദ്യമായാണ് എംജി യൂണിവേഴ്സിറ്റി അഖിലേന്ത്യാ കിരീടം നേടുന്നത്.
ടീം: റോളി പതക്, അനന്യ ശ്രീ, കെ. വിഭാ, എസ്. ആര്യ, കെ. ആര്യ, അൽന രാജ്, എയ്ഞ്ചൽ തോമസ്, സ്നേഹ, രഞ്ജു ജേക്കബ്, അനീറ്റ ആന്റണി, നിവേദിത ജയൻ.
ഖേലോ ഇന്ത്യ പരിശീലകനായ വി. അനിൽകുമാർ ആണ് മുഖ്യ പരിശീലകൻ. ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ നവാസ് വഹാബ് ആണ് ടീമിന്റെ സഹപരിശീലകൻ. അസംപ്ഷൻ കോളജിലെ കായികാധ്യാപകരായ സുജാ മേരി ജോർജ് ഡോ. ജിമ്മി ജോസഫ് എന്നിവർ ടീം മാനേജർമാർ.