മാഡ്രിഡ് ത്രില്ലർ...
Thursday, January 11, 2024 11:02 PM IST
റിയാദ്: സ്പാനിഷ് സൂപ്പർകോപ്പ ഫുട്ബോൾ സെമി ഫൈനലിൽ മാഡ്രിഡ് നഗരവൈരികളുടെ പോരാട്ടത്തിൽ റയലിനു ജയം. എക്സ്ട്രാ ടൈം വരെ ആവേശം നിറച്ച മത്സരത്തിൽ ആകെ എട്ടു ഗോളുകളാണ് പിറന്നത്. രണ്ടു തവണ പിന്നിലായ റയൽ 5-3ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. എക്സ്ട്രാ ടൈമിൽ ഹൊസേലുവും ബ്രാഹിം ഡിയസും നേടിയ ഗോളുകളാണ് റയലിന് ജയമൊരുക്കിയത്.
അത്ലറ്റിക്കോയുടെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ഏഴാം മിനിറ്റിൽ മരിയോ ഹെർമോസോ അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. 20-ാം മിനിറ്റിൽ ലൂക്കാ മോഡ്രിഡ് എടുത്ത കോർണറിൽ അന്റോണിയോ റൂഡിഗറുടെ ഹെഡർ റയലിനു സമനില നല്കി. 29-ാം മിനിറ്റിൽ ഫെർലൻഡ് മെൻഡിയുടെ ക്ലോസ് റേഞ്ചിലൂടെ റയലിന് ലീഡ്.
37-ാം മിനിറ്റിൽ ആൻത്വാൻ ഗ്രീസ്മാൻ അത്ലറ്റിക്കോയ്ക്കു സമനില നൽകി. ഈ ഗോളോടെ ഗ്രീസ്മാൻ അത്ലറ്റിക്കോയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ (174) നേടുന്ന കളിക്കാരനായി. 50 വർഷം മുന്പ് ലൂയിസ് അരഗോണസ് നേടിയ 173 ഗോളുകളുടെ റിക്കാർഡാണ് ഗ്രീസ്മാൻ തിരുത്തിയത്.
78-ാം മിനിറ്റിൽ റൂഡിഗറിന്റെ സെൽഫ് ഗോൾ. റയലിന്റെ ആക്രമണങ്ങൾക്കു ചുക്കാൻ പിടിച്ച ഡാനി കർവാഹൽ 85-ാം മിനിറ്റിൽ സമനില നൽകി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. 116-ാം മിനിറ്റിൽ ഹൊസേലുവിലൂടെ റയൽ മുന്നിലെത്തി.
120+2-ാം മിനിറ്റിൽ റയൽ ജയം ഉറപ്പിച്ചു. അത്ലറ്റിക്കോയ്ക്കു ലഭിച്ച കോർണർ റയലിന്റെ വലയിലാക്കാൻ ഗോൾകീപ്പർ ഒബ്ലാക്ക് ഉൾപ്പെടെ പതിനൊന്നു കളിക്കാരും റയലിന്റെ ബോക്സിൽ നിൽക്കുന്പോൾ ക്ലിയർ ചെയ്ത പന്ത് ബ്രാഹിം ഡിയസിന് ലഭിച്ചു.
ഒപ്പം ഓടിയ ഒബ്ലാക്കിനെയും മറ്റൊരു പ്രതിരോധതാരത്തെയും ഓടിത്തോൽപ്പിച്ച് ഹൊസേലു ആളൊഴിഞ്ഞ പോസ്റ്റിലേക്കു നിറയൊഴിച്ചു. റയൽ 5-3ന്റെ ജയത്തോടെ ഫൈനലിലും.