ഐപിഎൽ മാർച്ച് 22 മുതൽ
Wednesday, January 10, 2024 11:46 PM IST
ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ 2024 സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങൾ രാജ്യത്തിന് പുറത്തേക്ക് മാറ്റുമോയെന്ന ആശങ്കകൾക്ക് അവസാനം.
വരാനിരിക്കുന്ന ഐപിഎല്ലിന്റെ 17- പതിപ്പ് പൂർണമായും ഇന്ത്യയിൽത്തന്നെ നടക്കുമെന്നും മാർച്ച് 22ന് ടൂർണമെന്റ് ആരംഭിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ഏകദേശം ഈ സമയത്തുതന്നെയാകും പൊതുതെരഞ്ഞെടുപ്പും നടക്കുക.
ന്യായമായ കാരണങ്ങളാൽ, ഏതെങ്കിലും സംസ്ഥാനത്തിന് ആ സമയത്ത് മത്സരം നടത്താൻ താൽപ്പര്യമില്ലെങ്കിൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാമെന്നാണ് ബിസിസിഐയിൽനിന്നുള്ള വിവരം. ഐപിഎൽ ടീമുകൾ ഇല്ലാത്ത സംസ്ഥാനങ്ങളിലേക്കു മത്സരം മാറ്റാനുള്ള സാധ്യതകളുണ്ട്.
2009ൽ പൊതു തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ ഐപിഎൽ പൂർണമായും ദക്ഷിണാഫ്രിക്കയിലാണ് നടന്നത്. 2014ൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ സീസണിന്റെ ആദ്യ പകുതി യുഎഇയിലും രണ്ടാം പകുതി ഇന്ത്യയിലുമായിട്ടായിരുന്നു. ഇതിനുശേഷം 2019ൽ പൊതു തെരഞ്ഞെടുപ്പ് വന്നപ്പോൾ ബിസിസിഐ ഇന്ത്യയിൽത്തന്നെ ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചു.