സിറ്റിക്കും ലിവർപൂളിനും ജയം
Tuesday, January 9, 2024 1:28 AM IST
മാഞ്ചസ്റ്റർ: എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നാലാം റൗണ്ടിൽ. ഫിൽ ഫോഡന്റെ ഇരട്ട ഗോൾ മികവിൽ നിലവിലെ ചാന്പ്യന്മാരായ സിറ്റി 5-0ന് ഹഡ്ഡേഴ്സ്ഫീൽഡ് ടൗണിനെ തകർത്തു.
പരിക്കേറ്റ് നാലു മാസത്തോളം പുറത്തായിരുന്ന കെവിൻ ഡി ബ്രൂയിന്റെ തിരിച്ചുവരവുകൂടിയായിരുന്നു മത്സരം. 57-ാം മിനിറ്റിലാണ് ഡി ബ്രുയിൻ ഇറങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ബെൽജിയൻ പ്ലേമേക്കർ ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തു.
33, 65 മിനിറ്റുകളിലാണ് ഫോഡൻ വലകുലുക്കിയത്. ജൂലിയൻ അൽവാരസ് (37), ജെർമി ഡോക്കു (74’) എന്നിവരും വലകുലുക്കിയപ്പോൾ ഒരെണ്ണം ബെൻ ജാക്സണിന്റെ (58’) ഓണ്‍ ഗോൾ ആയിരുന്നു.
ആഴ്സണൽ പുറത്ത്
സൂപ്പർ പോരാട്ടത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളിന് ആഴ്സണലിനെ തോൽപ്പിച്ചു. 80-ാം മിനിറ്റിൽ ജാകുബ് കിവിയോറിന്റെ ഓണ്‍ ഗോളും 90+2-ാം മിനിറ്റിൽ ലൂയിസ് ഡിയസിന്റെ ഗോളുമാണു ലിവർപൂളിനു ജയമൊരുക്കിയത്.
ആദ്യ പകുതിയിൽ നിരവധി സുവർണാവസരങ്ങളാണ് ആഴ്സണൽ നഷ്ടമാക്കിയത്. പ്രീമിയർ ലീഗിൽ ക്രിസ്മസിനു മുന്‍പ് വരെ ഒന്നാം സ്ഥാനത്തായിരുന്ന ആഴ്സണൽ മോശം പ്രകടനമാണു തുടരുന്നത്. വിവിധ ടൂർണമെന്റുകളിലായി കഴിഞ്ഞ ഏഴു കളിയിൽ ഒരു ജയം മാത്രമാണു പീരങ്കപ്പടയ്ക്കു നേടാനായത്. ലീഗിന്റെ ഒന്നാം സ്ഥാനം നഷ്ടമാക്കിയ ആഴ്സണൽ നിലവിൽ നാലാമാതാണ്. ലിവർപൂളാണ് ഒന്നാമത്.