ഫിഫ്റ്റി - ഫിഫ്റ്റി
Friday, January 5, 2024 11:46 PM IST
ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരേ ഉത്തർപ്രദേശിന്റെ ഇന്ത്യൻ താരം റിങ്കു സിംഗിന്റെ ബാറ്റിംഗ് പോരാട്ടം.
എസ്ഡി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന കേരളം x ഉത്തർപ്രദേശ് മത്സരത്തിന്റെ ആദ്യദിനം 103 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 71 റണ്‍സുമായി റിങ്കു സിംഗ് പുറത്താകാതെ നിന്ന് സൂപ്പർ താരമായി.
ഒന്നാംദിനം അവസാനിച്ചപ്പോൾ ഉത്തർപ്രദേശ് ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 244 റണ്‍സ് എടുത്തു. വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ചന്ദാണ് റിങ്കുവിന് ഒപ്പം ക്രീസിൽ. 100 പന്തിൽ നാല് ഫോറും ഒരു സിക്സും അടക്കം 54 റണ്‍സുമായാണ് ധ്രൂവ് ക്രീസിൽ തലയുയർത്തി നിന്നത്.
ടോസ് നേടിയ ഉത്തർപ്രദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സമർഥ് സിംഗും (10) ക്യാപ്റ്റൻ ആര്യൻ ജുയലും (28) അധികനേരം ക്രീസിൽ തുടർന്നില്ല. പ്രിയം ഗാർഗ് (44) ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. ബേസിൽ തന്പിയുടെ പന്തിൽ ഗാർഗ് ബൗൾഡായി.
32 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സ് എന്ന നിലയിൽ ഉത്തർപ്രദേശ് പ്രതിരോധത്തിലായപ്പോഴാണ് റിങ്കു-ധ്രുവ് സഖ്യം ക്രീസിൽ ഒന്നിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അഭേദ്യമായ 120 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. അതോടെ മാന്യമായ സ്കോറുമായി ഉത്തർപ്രദേശ് ആദ്യദിനം ക്രീസ് വിട്ടു.
കേരളത്തിനായി ബേസിൽ തന്പി, എം.ഡി. നിധീഷ്, വൈശാഖ് ചന്ദ്രൻ, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവും ഉത്തർപ്രദേശ് പ്ലേയിംഗ് ഇലവനിലുണ്ട്.