കേരളം x ഉത്തർപ്രദേശ് രഞ്ജിട്രോഫി ക്രിക്കറ്റ് ഇന്ന് മുതൽ
Thursday, January 4, 2024 10:45 PM IST
കോട്ടയം: കേരളവും ഉത്തർപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആലപ്പുഴ എസ്ഡി കോളജിലെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ന് ആരംഭിക്കും. ആദ്യമായാണ് രഞ്ജി ട്രോഫി ക്രിക്കറ്റിന് ആലപ്പുഴ വേദിയാകുന്നത്. സീസണിൽ കേരളത്തിന്റെ ആദ്യ രഞ്ജി മത്സരമാണ്. രാവിലെ 9.30 മുതലാണ് മത്സരം.
ഇരു ടീമുകളുടെയും പരിശീലനം മത്സരം നടക്കുന്ന എസ്ഡി കോളജ് ഗ്രൗണ്ടിലായിരുന്നു. യുപി ടീമിൽ അംഗമായ രാജ്യാന്തര താരം റിങ്കു സിംഗ് ഇന്നലെ രാവിലെ ബാറ്റിംഗ് പരിശീലനത്തിനിറങ്ങി. കഴിഞ്ഞ ദിവസം പരിശീലനം നടത്തി മടങ്ങിയ കേരള ക്യാപ്റ്റനും രാജ്യാന്തര താരവുമായ സഞ്ജു സാംസണ് ഇന്നലെ വീണ്ടും പരിശീലനം നടത്തി.
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടാൽ സഞ്ജു മറ്റു മത്സരങ്ങൾക്ക് ഉണ്ടാവില്ല. സഞ്ജു സാംസണു പുറമേ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, ബേസിൽ തന്പി, ജലജ് സക്സേന തുടങ്ങിയവരാണ് കേരളത്തിന്റെ കരുത്ത്.
കേരള ടീമിന്റെ ക്യാന്പുകൾ നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ആലപ്പുഴ കെസിഎ ഗ്രൗണ്ടിൽ രഞ്ജി മത്സരത്തിന് ബിസിസിഐ അനുമതി നൽകിയത്. രാജ്യാന്തര നിലവാരത്തിലുള്ള പിച്ചും ഔട്ട്ഫീൽഡുമാണ്. കെസിഎയുടെ ഹൈ പെർഫോമൻസ് സെന്റർ വിഭാഗത്തിൽ ഉൾപ്പെട്ടതാണ് എസ്ഡി കോളജ് ഗ്രൗണ്ട്.
2008 മുതൽ എസ്ഡി കോളജ് ഗ്രൗണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. ഈ വർഷം വീണ്ടും കരാർ പുതുക്കി. ഇനി 18 വർഷംകൂടി കെസിഎക്കായിരിക്കും ഗ്രൗണ്ടിന്റെ മേൽനോട്ടം.
ഒന്പത് പിച്ചുകളാണ് മൈതാനത്തുള്ളത്. ബൗണ്ടറികളിലേക്ക് ശരാശരി ദൂരം 70 മീറ്റർ. ബർമുഡ പുല്ലാണ് ഗ്രൗണ്ടിൽ നട്ടുവളർത്തിയത്. സൂപ്പർ സോപ്പറടക്കം എല്ലാവിധ ആധുനികസൗകര്യങ്ങളും മൈതാനത്തുണ്ട്.