ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന്
Wednesday, January 3, 2024 1:22 AM IST
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് ഇന്നു മുതൽ ഡീൻ ഡെയ്സ്. ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞ് ഡീൻ എൽഗർ ദക്ഷിണാഫ്രിക്കയുടെ അമരത്തിരുന്ന് കരിയർ അവസാനിപ്പിക്കുന്ന അവസാന ദിനങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് ഡീൻ ഡെയ്സാണ്.
ഇന്ത്യക്കെതിരായ പരന്പരയോടെ വിരമിക്കുമെന്ന് ഡീൻ എൽഗർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ ക്യാപ്റ്റൻ തെംബ ബൗമ രണ്ടാം ടെസ്റ്റിനില്ലാത്തതിനെത്തുടർന്ന് നായകസ്ഥാനം എൽഗറിനെ തേടിയെത്തി. ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ച് വീരോചിത വിരമിക്കലിനായാണ് എൽഗറിന്റെ ശ്രമം. എന്റെ ലോകകപ്പാണ് ഇതെന്നാണ് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനെ എൽഗർ വിശേഷിപ്പിച്ചത്.
പരന്പരയിലെ ആദ്യ ടെസ്റ്റിൽ 185 റണ്‍സ് നേടിയ എൽഗറായിരുന്നു പ്ലെയർ ഓഫ് ദ മാച്ച് ആയത്. മുപ്പത്താറുകാരനായ എൽഗർ, 85 ടെസ്റ്റിൽനിന്ന് 14 സെഞ്ചുറിയും 23 അർധസെഞ്ചുറിയും ഉൾപ്പെടെ 5331 റണ്‍സ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ എട്ട് മത്സരങ്ങളിൽ മാത്രമാണ് ദക്ഷിണാഫ്രിക്കൻ ജഴ്സി അണിഞ്ഞത്.
ഇന്ത്യക്കു ജയിക്കണം
ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 32 റണ്‍സിനും പരാജയപ്പെട്ട ഇന്ത്യക്ക് പരന്പര സമനിലയിൽ അവസാനിപ്പിക്കണമെങ്കിൽ ജയം അനിവാര്യം. കേപ്ടൗണിലെ ന്യൂലാൻഡ് ഗ്രൗണ്ടിൽ രോഹിത് ശർമയും സംഘവും ഇറങ്ങുന്നത് ജയം മാത്രം പ്രതീക്ഷിച്ചാണ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതുവരെ ടെസ്റ്റ് പരന്പര സ്വന്തമാക്കാൻ സാധിച്ചിട്ടില്ല എന്ന ചരിത്രം അതേപടി നിർത്തിയാണ് ഇത്തവണത്തെ ഇന്ത്യൻ ടീമും പര്യടനം അവസാനിപ്പിക്കുക.
ഇന്ത്യൻ ടീമിൽ മാറ്റം
ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗ് തികച്ചും ദയനീയമായിരുന്നു. ജസ്പ്രീത് ബുംറ (നാല് വിക്കറ്റ്) ഒഴികെയുള്ള ബൗളർമാരാരും മികവ് പുലർത്തിയില്ല. മുഹമ്മദ് സിറാജ് (രണ്ട് വിക്കറ്റ്), ഷാർദുൾ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ (ഓരോ വിക്കറ്റ് വീതം) എന്നീ പേസർമാരും ആർ. അശ്വിൻ (ഒരു വിക്കറ്റ്) എന്ന സ്പിന്നറും ബുംറയ്ക്ക് പിന്തുണ നൽകിയില്ല.
ഈ പശ്ചാത്തലത്തിൽ ഇന്ന് പ്ലേയിംഗ് ഇലവനിൽ മാറ്റംവരുത്തിയാകും ഇന്ത്യ ഇറങ്ങുക. പരന്പരയ്ക്ക് മുന്‍പ് പരിക്കേറ്റ് പുറത്തായ പേസർ മുഹമ്മദ് ഷമിക്കു പകരമായി രണ്ടാം ടെസ്റ്റിലേക്ക് ആവേശ് ഖാനെ ബിസിസിഐ ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഷാർദുൾ ഠാക്കൂറിനു പകരം ആവേശ് ഖാൻ പ്ലേയിംഗ് ഇലവനിൽ കളിക്കാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ബാറ്റിംഗ് പരിശീലനത്തിനിടെ ഷാർദുളിന്റെ തോളിൽ പന്ത് കൊണ്ട് പരിക്കേറ്റിരുന്നു. മാത്രമല്ല, ആദ്യ ടെസ്റ്റിൽ തികഞ്ഞ പരാജയമായ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം മുകേഷ് കുമാറും കളത്തിൽ എത്തിയേക്കും. ആർ. അശ്വിനു പകരം സ്പിൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടാലും അദ്ഭുതമില്ല.