തിരിച്ചുവരാൻ ഇന്ത്യ
Monday, January 1, 2024 11:55 PM IST
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ജയത്തോടെ പരന്പര 1-1 സമനിലയിലാക്കാൻ ഇന്ത്യൻ താരങ്ങൾ പരിശീലനം ആരംഭിച്ചു. നാളെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ക്രിക്കറ്റ്. കേപ്ടൗണിലെ ന്യൂലാൻഡ് ഗ്രൗണ്ടിലാണ് മത്സരം.
ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയെ ഇന്നിംഗ്സിനും 32 റണ്‍സിനും ദക്ഷിണാഫ്രിക്ക കീഴടക്കിയിരുന്നു. രണ്ടാം ടെസ്റ്റിൽ ജയിച്ച് പരന്പര സമനിലയിൽ എത്തിക്കുക എന്നതാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ഏക ലക്ഷ്യം. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഒരു ടെസ്റ്റ് പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല എന്ന ചരിത്രത്തിന് ഇത്തവണയും മാറ്റമില്ലെന്നതും ശ്രദ്ധേയം.
അതിനിടെ നെറ്റ് ബൗളറിനെ ഇന്ത്യൻ താരം വിരാട് കോഹ്ലി കളിയാക്കിയെന്നും തുടർന്ന് ദക്ഷിണാഫ്രിക്കൻ നെറ്റ് ബൗളർമാർ പ്രതിഷേധിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അതേസമയം, കോഹ്ലി ഒരു ദക്ഷിണാഫ്രിക്കൻ നെറ്റ് ബൗളർക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.