ഇന്ത്യക്കു തോൽവി ; പരന്പര ഓസ്ട്രേലിയ സ്വന്തമാക്കി
Sunday, December 31, 2023 12:31 AM IST
മുംബൈ: വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയോട് പൊരുതി കീഴടങ്ങി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ഇന്ത്യ മൂന്നു റണ്‍സിനാണ് തോറ്റത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരന്പര ഓസ്ട്രേലിയ 2-0ന് സ്വന്തമാക്കി.
മൂന്നാം മത്സരം രണ്ടിന് നടക്കും. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ 258/8. ഇന്ത്യ 50 ഓവറിൽ 255/8.
ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ പോബ് ലിച്ച്ഫീൽഡ് (63), എലീസ് പെറി (50) എന്നിവരുടെ അർധസെഞ്ചുറികളും അവസാന ഓവറുകളിൽ അലാന കിംഗിന്റെ (28*) ആക്രമണ ബാറ്റിംഗുമാണ് മികച്ച സ്കോറിലെത്തിച്ചത്. ദീപ്തി ശർമ (10-0-38-5) തിളങ്ങി.
മറുപടി ബാറ്റിംഗിൽ റിച്ചാ ഘോഷ് - ജെമിമ റോഡ്രിഗസ് മൂന്നാം വിക്കറ്റിൽ നേടിയ 88 റൺസ് ഇന്ത്യയുടെ ജയത്തിന് പ്രതീക്ഷകൾ നൽകി. എന്നാൽ ജെമിമയെ (44) പുറത്താക്കി ജോർജിയ വാർഹെം ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയവരിൽ ദീപ്തി ശർമ(24*) ഒഴികെ മറ്റാർക്കും ക്രീസിൽ കൂടുതൽ നേരം നിൽക്കാനായില്ല.
സ്കോർ 218ലെത്തിയപ്പോൾ കന്നി സെഞ്ചുറിക്ക് നാലു റണ്‍സ് അകലെവച്ച് റിച്ചാ ഘോഷ് പുറത്തായി. 117 പന്ത് നേരിട്ട് 96 റണ്‍സ് നേടിയ റിച്ചയെ അന്നാബെൽ സതർലൻഡ് ലിച്ച്ഫീൽഡിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വാലറ്റക്കാരിൽ നിന്ന് വലിയ സംഭാവനകൾ വരാതായതോടെ ഇന്ത്യ തോൽവിയിലേക്കു വീണു. സതർലൻഡ് മൂന്നും വാർഹെം രണ്ടും വിക്കറ്റ് വീഴ്ത്തി.