ഐഎസ്എല്ലിന് ഇടവേള; ഇനി സൂപ്പർ കപ്പ്
Friday, December 29, 2023 2:17 AM IST
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണിന് ഇന്നുമുതൽ ഇടവേള. 2023 കലണ്ടർ വർഷത്തിൽ ഇനി ഐഎസ്എൽ മത്സരങ്ങളില്ല. ജനുവരിയിൽ ഐഎസ്എൽ പുനരാരംഭിക്കില്ല എന്നതും ശ്രദ്ധേയം.
2024 ജനുവരിയിൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾ അരങ്ങേറും. ഒക്ടോബർ എട്ടിനും നവംബർ ഏഴിനും രണ്ട് ആഴ്ചയോളം നീണ്ട രണ്ട് ഇടവേളകൾ ഐഎസ്എല്ലിൽ ഇതിനിടെ ഉണ്ടായിരുന്നു.
ജനുവരി ഒന്പത് മുതലാണ് സൂപ്പർ കപ്പ് ഗ്രൂപ്പ് പോരാട്ടങ്ങൾ. നാല് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് സൂപ്പർ കപ്പിൽ മാറ്റുരയ്ക്കുക. ഗ്രൂപ്പ് ചാന്പ്യന്മാർ സെമിയിലേക്ക് മുന്നേറും. ജനുവരി 24, 25 തീയതികളിൽ സെമി ഫൈനലുകളും 28ന് ഫൈനലും അരങ്ങേറും.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗ്രൂപ്പ് ബി യിൽ ജംഷഡ്പുർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഷില്ലോംഗ് ലാജോംഗ് എന്നീ ടീമുകൾക്കൊപ്പമാണ്. ജനുവരി 10ന് ഷില്ലോംഗ് ലാജോംഗിന് എതിരേയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.
പരിക്കേറ്റ് സീസണ് മുഴുവൻ പുറത്തിരിക്കേണ്ടിവന്ന ഉറുഗ്വെൻ പ്ലേമേക്കർ അഡ്രിയാൻ ലൂണയ്ക്കു പകരം പുതിയൊരു വിദേശതാരം ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് സൂചിപ്പിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെയായിരിക്കും താരം കൊച്ചി ക്ലബ്ബിലേക്ക് എത്തുക.