ചരിത്ര പരന്പരയ്ക്കായി ഇന്ത്യ
Monday, December 25, 2023 12:35 AM IST
ന്യൂഡൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിനു നാളെ തുടക്കമാകും. രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിലാണ്. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഒരു ടെസ്റ്റ് പരന്പര നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
കഴിഞ്ഞ പലതവണ അടുത്തെത്തിയിട്ടും കൈവിട്ടുപോയ പരന്പര ഇത്തവണ നേടിയെടുക്കാനാണ് രോഹിത് ശർമയും സംഘവും ലക്ഷ്യമിടുന്നത്. 2023-25ന്റെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ ഭാഗമാണ് ഈ പരന്പര. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ 66.76 പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്.
1992 മുതലാണ് ഇന്ത്യ ടെസ്റ്റ് പരന്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തുന്നത് എന്നാൽ, ഇതുവരെ പരന്പര നേടാനായിട്ടില്ല. 2021-22ൽ മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ആദ്യ ടെസ്റ്റ് നേടിക്കഴിഞ്ഞ് അടുത്ത രണ്ടു മത്സരങ്ങളിലും ഇന്ത്യക്കു തോൽവിയായിരുന്നു.
16 വർഷത്തിനിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന അഞ്ച് പരന്പരയിലും മികച്ച പോരാട്ടമാണ് ഇന്ത്യൻസംഘം കാഴ്ചവച്ചത്. ഇതിൽ നാലു തവണ വിജയികളെ നിർണയിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നു. രണ്ടു തവണ ഇന്ത്യ പരന്പരയിൽ മുന്നിലെത്തുകയും ചെയ്തു.
ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം വിരാട് കോഹ്ലി ചേർന്നു. ടെസ്റ്റ് മത്സരങ്ങൾക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ താരം വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് നാട്ടിലേക്കു മടങ്ങിയിരുന്നു. കോഹ്ലി ഇന്നലെ ടീമിനൊപ്പം ചേർന്നെന്നാണു റിപ്പോർട്ടുകൾ.