കാലിടറി കുരുന്നുകൾ
Saturday, December 23, 2023 1:01 AM IST
തോമസ് വർഗീസ്
ഒന്പതു വർഷം മുന്പ്, കൃത്യമായി പറഞ്ഞാൽ 2014 നവംബർ 23; തിരുവനന്തപുരത്തുനിന്നും ന്യൂഡൽഹി വരെ പോകുന്ന കേരള എക്സ്പ്രസ് ട്രെയിനിന്റെ രണ്ടു ബോഗികൾ നിറയെ കേരളത്തിന്റെ കുട്ടിക്കായികതാരങ്ങൾ.
ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽ നടത്തുന്ന ദേശീയ ജൂണിയർ മീറ്റിൽ പങ്കെടുക്കാനുള്ള താരങ്ങളാണിവർ. റെയിൽവേ സ്റ്റേഷനിൽ സംസ്ഥാന സർക്കാർ പ്രതിനിധികളും കേരളാ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് വീരോചിതമായ യാത്രയയപ്പ്. താരങ്ങൾക്കൊപ്പം ഒഫീഷലുകളും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരും ചേർന്നുള്ള വൻ നിര. ട്രെയിൻ കേരളം പിന്നിട്ട് കോയന്പത്തൂർ എത്തുന്പോൾ ടീമംഗങ്ങൾക്ക് തമിഴ്നാട്ടിൽ നിന്നുള്ള മലയാളി അസോസിയേഷനുകളുടെ ഹൃദ്യമായ വരവേൽപ്.
രണ്ടാം ദിനം വിജയവാഡയിൽ എത്തിയപ്പോൾ അവിടെയും മലയാളി താരങ്ങളാണ് ഹീറോസ്. കാരണം മറ്റൊന്നുമല്ല, തുടർച്ചയായി ജൂണിയർ മീറ്റിലെ ചാന്പ്യന്മാരാണ് നമ്മുടെ കുട്ടികൾ. സ്പ്രിന്റ് ഇനങ്ങളിലും മധ്യദൂര ഇനങ്ങളിലും ജംപിംഗ് പിറ്റിലും കേരളത്തോട് മത്സരിക്കാൻ എതിരാളികൾ വളരെ കുറവ്. ഇതിനോടകം തന്നെ 19 തവണ ചാന്പ്യൻഷിപ് നേട്ടം സ്വന്തമാക്കിയ സംസ്ഥാനം. അപൂർവം ചില സംസ്ഥാനങ്ങൾക്കു മാത്രം സ്വന്തമാക്കാവുന്ന നേട്ടവുമായി എല്ലാവർക്കും മുന്നിൽ തലയെടുപ്പോടെ നിന്ന സംഘം...
അതൊരു കാലം...
വിജയവാഡ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ 2014 നവംബർ 26 മുതൽ അഞ്ചു ദിവസം നീണ്ടു നിന്ന നാഷ്ണൽ ജൂണിയർ മീറ്റിൽ കേരളാ താരങ്ങൾ ഓടിയും ചാടിയും മെഡൽകൊയ്ത്ത് നടത്തി. തൊട്ടതെല്ലാം പൊന്നാക്കുന്നു എന്ന ചൊല്ലിനു തുല്യമായിരുന്നു മലയാളികളുടെ പോരാട്ടക്കുതിപ്പ്. അഞ്ചു നാൾ നീണ്ട മീറ്റിന് തിരശീല വീണപ്പോൾ വിജയവാഡയിൽ നിന്നുള്ള മെഡൽ സന്പാദ്യം ഇങ്ങനെ. 38 സ്വർണം, 22 വെള്ളി, 13 വെങ്കലം ഉൾപ്പെടെ 525.5 പോയിന്റ്. 2012, 13, 14 വർഷങ്ങളിൽ തുടർച്ചയായ ചാന്പ്യന്മാരായി ഹാട്രിക് ചാന്പ്യൻ നേട്ടം. ഒപ്പം ജൂണിയർ മീറ്റിൽ 20-ാം തവണയും കേരളം ചാന്പ്യൻമാരായതിന്റെ ഖ്യാതിയും.
കേരളാ താരങ്ങളായ ശ്രീനിത് മോഹൻ (ഹൈജംപ്), ജെസി ജോസഫ് (800 മീറ്റർ), ജിസ്ന മാത്യു (400 മീറ്റർ) തുടങ്ങിയവർ വിവിധ കാറ്റഗറികളിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ പി.യു. ചിത്ര 3000 മീറ്ററിൽ 9:56.92 സെക്കൻഡിൽ മീറ്റ് റിക്കാർഡ് ഇട്ടതും വിജയവാഡ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ. വിജയവാഡയിൽനിന്നും എതിരാളികളില്ലാത്ത രാജാക്കന്മാരായി വിജയകിരീടം ചൂടി കേരളം സ്വന്തം നാട്ടിലേക്ക് തിരികെയെത്തി. ട്രെയിനിൽ തിരികെയെത്തിയ സംഘത്തിന് ഷൊർണൂർ റെയിൽവേ സ്റ്റേഷൻ മുതലേ വന്പൻ സ്വീകരണം...
ട്രാക്ക് തെറ്റി
വിജയവാഡയിൽ വിജയ കിരീടം ചൂടിയ കേരളം എട്ടു വർഷങ്ങൾക്കിപ്പുറം 2022ൽ എത്തിയപ്പോൾ കിതച്ചുവീണു. 2022 ഗോഹട്ടി ജൂണിയർ മീറ്റിൽ ഓവറോൾ ചാന്പ്യൻ പട്ടത്തിന്റെ ആദ്യ മൂന്നു സ്ഥാനത്തുപോലും എത്താൻ കഴിഞ്ഞില്ല. ഗോഹട്ടി ജൂണിയർ മീറ്റിലെ ഏറ്റവും മികച്ച എട്ട് അത്ലറ്റുകളുടെ പട്ടികയിൽ ഒരു മലയാളി താരം പോലും ഉൾപ്പെട്ടില്ല.
478 പോയിന്റുമായി ഹരിയാന ഒന്നാമതും 321 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 282 പോയിന്റോടെ ഉത്തർപ്രദേശ് മൂന്നാം സ്ഥാനത്തുമെത്തി. പതിറ്റാണ്ടുകളോളം ചാന്പ്യൻപട്ടം കീശയിലായിരുന്ന കേരളത്തിന്റെ ആകെ സന്പാദ്യം ഏഴു സ്വർണവും എട്ടു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 20 മെഡലുകൾ മാത്രം. 2014ൽ സ്വർണം മാത്രം 38 എന്ന നിലയിൽ നിന്നാണ് 2022ൽ ആകെ മെഡൽ 20ലേക്ക് പതിച്ചത്.
തെക്കും പിടിവിട്ടു
കഴിഞ്ഞ വർഷം നാഷ്ണൽ മീറ്റിൽ ഏഴു സ്വർണം ഉൾപ്പെടെ 20 മെഡലുകൾ നേടി ചെറുതായെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ച കേരള ടീമിന് ഇക്കുറി സൗത്ത് സോണ് മത്സരത്തിൽ വൻ തിരിച്ചടി നേരിട്ടു. കർണാടക, തമിഴ്നാട്, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അണിനിരന്ന സൗത്ത് സോണിൽ ഇക്കുറി കേരളം ഓവറോൾ ചാന്പ്യൻ പട്ടികയിൽ നാലാം സ്ഥാനത്തായി. ഒന്പത് സ്വർണം, 10 വെള്ളി, ഒന്പത് വെങ്കലം എന്നിവയാണ് വാറങ്കലിൽ നടന്ന മീറ്റിൽ കേരളത്തിനു സ്വന്തമാക്കാൻ കഴിഞ്ഞത്. ഈ പ്രകടനവുമായി കോയന്പത്തൂരിലെ ദേശീയ ജൂണിയർ മീറ്റിലെത്തിയപ്പോൾ അത്ലറ്റിക്സിൽ പൂർണമായും കാലിടറി.
കേരളത്തിനു നേടാൻ സാധിച്ചത് ഒന്പത് സ്വർണവും 10 വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 21 മെഡലുകൾ മാത്രം. ഏക ആശ്വാസം 20 വയസിൽ താഴെയുള്ള ആണ്കുട്ടികളുടെ 100 മീറ്ററിൽ സി.വി. അനുരാഗ് സ്വർണം നേടിയെന്നതാണ്. വിവിധ കാറ്റഗറികളിലായി 178 മത്സര ഇനങ്ങളിൽനിന്നുള്ള ആകെ സന്പാദ്യമാണ് 21 മെഡലുകൾ എന്നതാണ് ദയനീയം.
കേരളത്തിന്റെ ഭാവിതാരങ്ങളുടെ പോരാട്ടത്തിന്റെ സ്ഥിതിയാണിത്. ഓവറോൾ പോയിന്റു പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കേരളം, പുരുഷവിഭാഗത്തിൽ ആറാമതും വനിതാ വിഭാഗത്തിൽ നാലാമതുമായി. ഹരിയാനയ്ക്കും തമിഴ്നാടിനും ഉത്തർപ്രദേശിനും മഹാരാഷ്ട്രയ്ക്കും പിന്നിലായാണ് ജൂണിയർ മീറ്റിൽ കേരളം കിതച്ചെത്തിയത്. ഈ കിതപ്പിന്റെ കാരണമെന്ത്..? അധികൃതർ പ്രതിവിധി കണ്ടെത്തേണ്ടിയിരിക്കുന്നു...
ജൂണിയർ മീറ്റിലെ കേരളം
വർഷം, സ്വർണം, വെള്ളി, വെങ്കലം
2010 20 19 17
2011 30 21 24
2014 38 22 13
2021 09 07 02
(തുടരും)