ബൗളർമാർ തിളങ്ങി; ഇന്ത്യ ശക്തമായ നിലയിൽ
Friday, December 22, 2023 12:16 AM IST
മുംബൈ: കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിന്റെ വനിതകൾക്കെതിരേ വൻ ജയം നേടിയ ഇന്ത്യൻ ടീം ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ മികച്ച നിലയിൽ.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഏക ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം ദിവസത്തെ കളി നിർത്തുന്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 98 റണ്‍സ് എന്ന നിലയിലാണ്. 121 റണ്‍സ് പിന്നിലാണ് ഇന്ത്യ. സ്മൃതി മന്ദാനയും (43), നാലു റണ്‍സുമായി സ്നേഹ് റാണയുമാണ് ക്രീസിൽ. ഷഫാലി വർമയാണ് (40) പുറത്തായത്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 219 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പൂജ വസ്ത്രാക്കറാണ് ഓസീസിനെ തകർത്തത്. 24കാരിയായ മീഡിയം പേസറുടെ സ്വിംഗ് ബൗളിംഗാണ് ഓസീസിന് കുഴക്കിയത്. 53ന് 4 എന്ന കരിയറിലെ മികച്ച പ്രകടനമാണു വസ്ത്രാക്കർ പുറത്തെടുത്തത്. വസ്ത്രാക്കർക്കൊപ്പം സ്നേഹ് റാണയും (56/3), ദീപ്തി ശർമയും (45/2) മികവ് പുറത്തെടുത്തതോടെ ഓസീസ് ഇന്നിംഗ്സ് വേഗം അവസാനിച്ചു.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ഓവറിന്റെ അവസാന പന്തിൽ റണ്ണൊന്നുമെടുക്കാതെ നിന്ന ഫോബെ ലിച്ച്ഫീൽഡ് ഡയമണ്ട് ഡക്കായി. ഒരു പന്തും നേരിടാതെ നിന്ന ലിച്ച്ഫീൽഡ് റണ്ണൗട്ടാകുകയായിരുന്നു.
എലിസ് പെറിയെ (നാല്) വസ്ത്രാക്കർ ക്ലീൻബൗൾഡാക്കുന്പോൾ രണ്ടു വിക്കറ്റിന് ഏഴ് റണ്‍സ് എന്ന നിലയിലായി. ബേത് മൂണിയും താലിയ മക്ഗ്രാത്തുമൊത്തുള്ള കൂട്ടുകെട്ട് ഓസീസിനെ മുന്നോട്ടു നയിച്ചു.
80 റണ്‍സ് ചേർത്തശേഷമാണ് ഇവർ പിരിഞ്ഞത്. മക്ഗ്രാത്ത് (50), ഓപ്പണർ ബേത് മൂണിയെ (40) എലീസ ഹീലി (38), ജെസ് ജൊനാസെൻ (19), കിം ഗാർത്ത് (28 നോട്ടൗട്ട്) എന്നിവരുടെ പ്രകടനം ഓസീസിനെ 219 ലെത്തിച്ചു.
ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ഷഫാലി വർമയും സ്മൃതി മന്ദാനയും ഓസ്ട്രേലിയൻ ബൗളിംഗ് ആക്രമണത്തെ ധൈര്യത്തോടെ നേരിട്ട് സ്കോർ നേടിക്കൊണ്ടിരുന്നു. 59പന്തിൽ എട്ട് ഫോറുകളുടെ അകന്പടിയിൽ 40 റണ്‍സ് നേടിയ ഷഫാലിയെ ജൊനാസൻ വിക്കറ്റിനു മുന്നിൽ കുരുക്കി.