സർ സ്മാഷ്; ലോക ക്ലബ് വോളിബോൾ കിരീടം സർ സഫേറ്റി പെറുഗിയയ്ക്ക്
Monday, December 11, 2023 2:43 AM IST
ബംഗളൂരു: ഇന്ത്യ ആതിഥേയത്വം വഹിച്ച 19-ാം വോളിബോൾ ക്ലബ് ലോക ചാന്പ്യൻഷിപ്പിൽ ഇറ്റാലിയൻ ടീമായ സർ സഫേറ്റി കൊനാഡ് പെറുഗിയ കിരീടത്തിൽ മുത്തമിട്ടു. ഇതാദ്യമായാണ് ഇന്ത്യയിൽ ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്.
ഏകപക്ഷീയമായ ഫൈനലിൽ ബ്രസീലിൽനിന്നുള്ള ഇതാംബേ മിനാസ് ക്ലബ്ബിനെ കീഴടക്കിയാണ് ഇറ്റലിക്കാർ ലോകത്തിന്റെ നെറുകയിൽ ഇരിപ്പുറപ്പിച്ചത്. നിലവിലെ ചാന്പ്യന്മാരായ പെറുഗിയ നേരിട്ടുള്ള സെറ്റുകൾക്ക് ഫൈനലിൽ വെന്നിക്കൊടി പാറിച്ചു. സ്കോർ: 25-13, 25-21, 25-19. ചാന്പ്യൻഷിപ്പിൽ തോൽവി അറിയാതെയാണ് ഇറ്റാലിയൻ സംഘത്തിന്റെ കിരീട ധാരണം.
സർ പെറുഗിയയുടെ രണ്ടാം ലോക ചാന്പ്യൻഷിപ്പ് കിരീടമാണ്. 2022ൽ ഇറ്റലിയിൽനിന്നുള്ള ട്രെന്റിനൊയെ കീഴടക്കിയായിരുന്നു പെറുഗിയയുടെ കന്നി ലോക കിരീടം.
മൂന്നാം സ്ഥാനം ജാപ്പനീസ് ക്ലബ്ബായ സണ്ടോറി സണ്ബേഡ്സ് സ്വന്തമാക്കി. തുർക്കിയിൽനിന്നുള്ള ഹൽക്ബാങ്ക് സ്പോർട് കുളൂബുവിനെ സണ്ബേഡ്സ് കീഴടക്കി. സ്കോർ: 17-25, 23-25, 25-21, 25-19, 15-12.